ന്യൂനപക്ഷ വോട്ടിനായി മുന്നണികൾ വാക്പോരിൽ; ചെങ്ങന്നൂരിൽ പോരാട്ടം പാരമ്യത്തിൽ

എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ, എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള, യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ. ചിത്രം: മനോരമ

തിരുവനന്തപുരം∙ ബിജെപിയുടെ പേരു പറഞ്ഞു കോൺഗ്രസ്–സിപിഎം നേതാക്കൾ വാക്പോര് ആരംഭിച്ചതോടെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു പ്രചാരണം നിർണായകമായ അന്തിമഘട്ടത്തിലേക്ക്. ആരാണു ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതെന്ന ചോദ്യമാണ് ഇരുകൂട്ടരും ഉയർത്തുന്നത്. ന്യൂനപക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കുക തന്നെ ലക്ഷ്യം.

ഭൂരിപക്ഷ വോട്ടുകളിൽ ഏതാണ്ടു ലഭിക്കാവുന്ന വിഹിതം യുഡിഎഫും എൽഡിഎഫും ബിജെപിയും കണക്കാക്കിയിട്ടുണ്ട്. മുസ്‍ലിം, ക്രിസ്ത്യൻ വോട്ടുകളുടെ കാര്യത്തിൽ ഉദ്വേഗം നിലനിൽ‍ക്കുന്നു. വിജയം ഉറപ്പിക്കണമെങ്കിൽ അവ പരമാവധി കിട്ടിയേ തീരൂവെന്നു കണ്ടതോടെ ബിജപിക്കെതിരായുള്ള ആക്ഷേപങ്ങൾക്ക് ഇരുമുന്നണികളും മൂർച്ച കൂട്ടി. സ്ഥാനാർഥിയുടേതടക്കം മതനിരപേക്ഷത സംബന്ധിച്ച ആരോപണങ്ങളും ഉയർന്നു. കെ.എം.മാണി യുഡിഎഫിനായി പ്രചാരണത്തിനെത്തിയത് ആ ക്യാംപിനെ കൂടുതൽ ഉഷാറാക്കി.

എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള

മറ്റു സംസ്ഥാനങ്ങളിൽ കെട്ടിവച്ച കാശുപോലും കിട്ടാത്ത സിപിഎമ്മാണു ബിജെപിയെ പ്രതിരോധിക്കുമെന്ന വീരസ്യം പറയുന്നതെന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിയുടെ പ്രസ്താവനയാണു വാക്പോരിനു തുടക്കമിട്ടത്. കർണാടക തിരഞ്ഞെടുപ്പിലടക്കം സിപിഎമ്മിനുണ്ടായ ഗതിയാണ് ആന്റണി സൂചിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള കേന്ദ്രമന്ത്രിമാർ അഭിനന്ദിക്കുമ്പോൾ പിണറായി വിജയൻ തുള്ളിച്ചാടുകയാണെന്ന് ആക്ഷേപിച്ചു മോദി–പിണറായി സൗഹൃദം വരച്ചിടാനും ആന്റണി ശ്രമിച്ചു.

ഇതിലെ അപകടം മനസ്സിലാക്കിയ പിണറായി ചെങ്ങന്നൂരിലെ പൊതുയോഗങ്ങളിൽ ആന്റണിക്കെതിരെ കത്തിക്കയറി. കോൺഗ്രസുകാരിൽ ചിലർ പകൽ കോൺഗ്രസും രാത്രി ബിജെപിയുമാണെന്നു നേരത്തേ പറഞ്ഞത് ഇതേ ആന്റണിയല്ലേയെന്നു പിണറായി ചോദിച്ചു. സംസ്ഥാന സർക്കാർ കൊള്ളാമെന്നു കേന്ദ്രം പറഞ്ഞാൽ അതു നിഷേധിക്കണോ? കോൺഗ്രസ് വലിയ പാർട്ടിയാണെന്നു മേനി നടിച്ചിട്ടു കർണാടകയിൽ കുമാരസ്വാമിയുടെ പിറകിൽ പോയിരിക്കേണ്ടി വന്നില്ലേയെന്നും പിണറായി പരിഹസിച്ചു. ബിജെപിയെ നേരിടാൻ കോൺഗ്രസിനു സാധിക്കില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പഴയ വാദം പ്രചാരണ യോഗങ്ങളിൽ പിണറായി ആവർത്തിച്ചു.

എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആന്റണിക്കെതിരെ തിരിഞ്ഞു. ബിജെപിക്കു വോട്ടു കൂടുതൽ എത്തിക്കാനുള്ള ഏജൻസിപ്പണിയാണോ കോടിയേരി ചെയ്യുന്നതെന്ന് ആന്റണി തിരിച്ചടിച്ചതു വ്യക്തമായ ഉദ്ദേശ്യത്തോടെ തന്നെ. ചെങ്ങന്നൂരിൽ ബിജെപിയുടെ വോട്ടു കുറയുന്ന സാഹചര്യം എൽഡിഎഫിനെയാണു ഭയപ്പെടുത്തുന്നതെന്നു കോൺഗ്രസ് കരുതുന്നു. ഏതു സാഹചര്യത്തിലും മുപ്പതിനായിരത്തിൽ കുറവു വരില്ലെന്നാണു സിപിഎം വിചാരിക്കുന്നത്.

യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ

ഈ പശ്ചാത്തലത്തിലാണു യുഡിഎഫിന്റെ ഡി.വിജയകുമാറിനും അദ്ദേഹം ഭാരവാഹിയായ അയ്യപ്പസേവാ സംഘത്തിനുമെതിരെ കോടിയേരി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി യുഡിഎഫ് തിരിച്ചടിച്ചു. വർഗീയ ധ്രുവീകരണത്തിനായി നിലവിട്ട നീക്കങ്ങളിലാണു സിപിഎമ്മെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. ചാഞ്ചാടി നിൽക്കുന്ന ഭൂരിപക്ഷ–ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള അവസാന അടവുകളിലാണ് മുന്നണികൾ. തങ്ങൾ ചെങ്ങന്നൂരിൽ ഉയർത്തുന്ന ഭീഷണിയാണ് ഇതിനെല്ലാം കാരണമെന്ന ആത്മവിശ്വാസത്തോടെ മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാനാണു ബിജെപി ഇതിനിടയിൽ നോക്കുന്നത്.