ലൈംഗിക ആരോപണം: ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ കീഴടങ്ങി

ഹാർവി വെയ്ൻസ്റ്റെയിൻ

ന്യൂയോർക്ക്∙ ലൈംഗിക ആരോപണം നേരിട്ട ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ന്‍സ്റ്റീൻ കീഴടങ്ങി. ന്യൂയോർക്ക് സിറ്റി പൊലീസ് അധികൃതർക്കു മുന്നിലാണ് വെള്ളിയാഴ്ച കീഴടങ്ങിയത്. സ്ത്രീകളുടെ സമ്മതമില്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നാണു വെയ്ൻസ്റ്റീനിന്റെ നിലപാട്. സഹോദരൻ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ കമ്പനിയുടെ സഹഅധ്യക്ഷ സ്ഥാനത്തുനിന്ന് ആരോപണങ്ങളെത്തുടർന്ന് വെയ്ൻസ്റ്റീനെ പുറത്താക്കിയിരുന്നു.

ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന ഇറ്റാലിയൻ മോഡലിന്റെ പരാതിയിൽ ഹാർവി വെയ്ൻസ്റ്റീനെതിരെ നടപടി ആരംഭിച്ചിരുന്നു. 2013 ഫെബ്രുവരിയിൽ ലൊസാഞ്ചലസിൽ ഇറ്റാലിയൻ ഫിലിം ഫെസ്റ്റിവലിനിടെയാണു സംഭവമെന്നു മുപ്പത്തെട്ടുകാരിയായ ഇവർ പൊലീസിനു മൊഴി നൽകിയിരുന്നു.

ഇറ്റാലിയൻ നടി ആസിയ അർജന്റോ ഉൾപ്പെടെ മൂന്നുപേർ നൽകിയ പരാതിയിൽ ന്യൂയോർക്ക് പൊലീസും അന്വേഷണം ആരംഭിച്ചു. ആഞ്ജലീന ജോളി, ഗിനത്ത് പാട്രോ എന്നിവർ ഉൾപ്പെടെ നാൽപതോളം പേർ വെയ്ൻസ്റ്റീനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിൽ എട്ടുപേരുടെ കേസ് ഒത്തുതീർപ്പാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.