ആ ‘സ്നേഹപ്രകടനം’ വ്യക്തമായ സൂചന; ലക്ഷ്യം ബിജെപി, വരുന്നു ബിഎസ്പി–കോൺഗ്രസ് സഖ്യം

കർണാടകയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയും സൗഹൃദം പുതുക്കിയപ്പോൾ.

ഭോപ്പാൽ∙ കർണാടക മാതൃകയിൽ ബിജെപിയെ അട്ടിമറിക്കാനുള്ള ശ്രമം വ്യാപകമാക്കാൻ കോൺഗ്രസ്. വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി കൂട്ടു കൂടാനാണു കോൺഗ്രസിന്റെ നീക്കം. കർണാടകയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ചടങ്ങിന്റെ വേദിയിൽ ഇരുവരും സൗഹൃദവും പുതുക്കി. ഇതിനു പിന്നാലെയാണു മധ്യപ്രദേശിലെ സഖ്യസാധ്യതകൾ തുറന്നത്.

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്, സംസ്ഥാനത്തു തിരഞ്ഞെടുപ്പു ക്യാംപെയ്ൻ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ബിഎസ്പിയുമായുള്ള സഖ്യത്തിനു പച്ചക്കൊടി കാണിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ് വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം ഇക്കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ കമൽനാഥിനോട് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു നീക്കങ്ങളെപ്പറ്റി മാധ്യമങ്ങൾ ചോദിച്ചിരുന്നു. എന്നാൽ സഖ്യരൂപീകരണത്തില്‍ ഉൾപ്പെടെ തീരുമാനമൊന്നുമായില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘സഖ്യരൂപീകരണത്തെക്കുറിച്ച് എല്ലാവരുടെയും അഭിപ്രായം തേടും. പിന്നീടായിരിക്കും ഏതു പാർട്ടിയുമായി കൂട്ടു വേണമെന്നതിന്റെ സാധ്യതാപരിശോധന’– കമൽ നാഥ് പറഞ്ഞു.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 31% വോട്ടു മാത്രമാണു ലഭിച്ചത്. 69% പേർ എതിർത്തിട്ടും തങ്ങൾക്കാണു ഭൂരിപക്ഷമെന്നായിരുന്നു ബിജെപി വാദം. വോട്ടുകൾ ഭിന്നിപ്പിക്കാൻ കോൺഗ്രസിനു താൽപര്യമില്ല. ഇക്കാര്യം മനസ്സിൽ വച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സഖ്യസാധ്യതാ ചർച്ചകൾ നടത്തുമെന്നും കമൽനാഥ് പറഞ്ഞു. അതേസമയം കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നു ബിഎസ്പി പറഞ്ഞു. ഇക്കാര്യത്തിൽ മായാവതിയുടേതായിരിക്കും അന്തിമ വാക്കുകളെന്നും ഒരു മുതിർന്ന നേതാവ് വ്യക്തമാക്കി. 

230 അംഗ നിയമസഭയിലേക്ക് 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി 165 സീറ്റുകളാണു സ്വന്തമാക്കിയത്. കോൺഗ്രസ് 58ഉം ബിഎസ്പി നാലും സ്വതന്ത്രർ മൂന്നും സീറ്റു സ്വന്തമാക്കി. കഴിഞ്ഞ വർഷം ജനുവരി മുതൽ നടന്ന അഞ്ച് നിയമസഭാ ഉപതിരഞ്ഞടുപ്പുകളിൽ നാലിലും കോൺഗ്രസിനായിരുന്നു ജയം. ഒരിടത്ത് വിജയം ബിജെപിക്കും.

ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാൽ അത് ബിജെപിയെ അട്ടിമറിക്കാൻ തക്ക ശക്തമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ റാഷിദ് കി‌ദ്‌വായിയും വ്യക്തമാക്കുന്നു. ബിജെപിക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും ഇക്കാര്യത്തിൽ കോൺഗ്രസ്–ബിഎസ്പി സഖ്യത്തിനു നേട്ടമാകും. കർണാടകയിലെ സോണിയഗാന്ധി, മായാവതി കൂടിക്കാഴ്ച സഖ്യസാധ്യത അരക്കിട്ടുറപ്പിക്കുന്നതായും റാഷിദ് വ്യക്തമാക്കി.