സർക്കാരിനുള്ള മാർക്കിടലാകുമോ ചെങ്ങന്നൂർ? കരുതലോടെ സിപിഎം

ചെങ്ങന്നൂര്‍∙ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലായി മാറുമോ? ചെങ്ങന്നൂരില്‍ അടിയൊഴുക്കുകള്‍ ശക്തമായിരിക്കെ അങ്ങനെയൊരു വിലയിരുത്തല്‍ ഇടതു മുന്നണി പരസ്യമായി നടത്തുന്നില്ല. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഭരണനേട്ടങ്ങള്‍ ആഘോഷിക്കപ്പെടുമെന്നത് തീര്‍ച്ച. പരാജയപ്പെട്ടാല്‍ ഭരണ രീതിയില്‍ മാറ്റം വരണമെന്ന സ്വയം വിമര്‍ശനം ഉയര്‍ന്നേക്കാം. ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പു ഫലം വരുന്നതിന്റെ പിറ്റേന്ന് ജൂണ്‍ ഒന്നിനാണ് എല്‍ഡിഎഫ് യോഗം. ചെങ്ങന്നൂരിലെ ഫലം പ്രധാന ചര്‍ച്ചാ വിഷയമാകും. സ്ഥാനമൊഴിയുന്ന വൈക്കം വിശ്വനു പകരം എല്‍ഡിഎഫ് കണ്‍വീനറെ കണ്ടെത്താനും ചര്‍ച്ചകള്‍ നടന്നേക്കാം.

ചെങ്ങന്നൂരില്‍ പ്രചാരണത്തിനെത്തിയ സിപിഎം നേതാക്കളില്‍ വി.എസ്. അച്യുതാനന്ദന്‍ മാത്രമാണ് തെരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു പരസ്യമായി പ്രതികരിച്ചത്. മറ്റുള്ളവര്‍ പരസ്യ പ്രതികരണത്തിനു മുതിര്‍ന്നില്ലെങ്കിലും സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ തന്നെയാണ് മുഖ്യ പ്രചാരണ ആയുധം. പിണറായി സര്‍ക്കാരിന്റെ, മണ്ഡലത്തിലെ 750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഭരണത്തുടര്‍ച്ച വേണമെന്നാണ് എല്‍ഡിഎഫ് ആഹ്വാനം. ഇതിനു പുറമേ 1,000 കോടി രൂപയുടെ പദ്ധതികള്‍ സര്‍ക്കാരില്‍നിന്നു നേടിയെടുക്കുമെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മറ്റിയുടെ വാഗ്ദാനവുമുണ്ട്. 

മലപ്പുറത്തെയും വേങ്ങരയിലെയും ഉപതിരഞ്ഞെടുപ്പുകളിലെ സാഹചര്യമല്ല ചെങ്ങന്നൂരിലേതെന്നതിനാല്‍ മുഴുവന്‍ ശക്തിയും സംഭരിച്ചാണ് പാര്‍ട്ടിയുടെ പ്രചാരണം. ലീഗിന്റെ കോട്ടയായ മലപ്പുറത്ത് തോല്‍വി ന്യായീകരിക്കാന്‍ പാര്‍ട്ടിക്ക് കാരണങ്ങളുണ്ടായിരുന്നെങ്കില്‍ ചെങ്ങന്നൂരില്‍ അതില്ല. സിറ്റിങ് സീറ്റ് നിലനിര്‍ത്തേണ്ട സമ്മര്‍ദവുമുണ്ട്. കാര്യമായ ഭരണവിരുദ്ധ വികാരമില്ലാതെ മുന്നോട്ടു പോകുന്ന സര്‍ക്കാരിന് ചെങ്ങന്നൂരിലൂടെ തിരിച്ചടി കിട്ടാന്‍  ആഗ്രഹമില്ല. പ്രത്യേകിച്ചും, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ. ചെങ്ങന്നൂരിലെ പരാജയം പ്രതിപക്ഷത്തിന് ഊര്‍ജം പകരുമെന്നും സര്‍ക്കാരിനെതിരെ ആയുധമാക്കുമെന്നുമുള്ള ബോധ്യം ഇടതു മുന്നണിക്കുണ്ട്.

ഈ സാഹചര്യത്തിനനുസരിച്ചുള്ള പോരാട്ടമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് നടത്തിയത്. മുന്നണിയിലെ പാര്‍ട്ടികളെല്ലാം പ്രചാരണത്തില്‍ സജീവമായിരുന്നു. മന്ത്രിമാരെല്ലാം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തി, ഭവന സന്ദര്‍ശനം അടക്കമുള്ള പരിപാടികളില്‍ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്തു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കലാശക്കൊട്ടിലടക്കം കോടിയേരി സജീവമായി പങ്കെടുത്തത് തിരഞ്ഞെടുപ്പിനു പാര്‍ട്ടി നല്‍കുന്ന പ്രധാന്യത്തിനു തെളിവായി. 

മുഖ്യമന്ത്രി രണ്ടു ദിവസമാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ജാതീയമായ അടിയൊഴുക്കുകള്‍ ശക്തമായ മണ്ഡലമായതിനാല്‍ സാമുദായിക നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കു നേതൃത്വം വഹിച്ചത് മുഖ്യമന്ത്രിയാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ 26 ശതമാനവും നായര്‍വോട്ടുകള്‍ 24 ശതമാനവും ഈഴവവോട്ടുകള്‍ 19 ശതമാനവും ദളിത് വോട്ടുകള്‍ 13 ശതമാനവുമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ക്രിസ്ത്യന്‍ വോട്ടുകളും ഈഴവ വോട്ടുകളും പരമാവധി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. ബിഡിജെഎസിന്റെ നിലപാടും സഹായമാകുമെന്നു പ്രതീക്ഷിക്കുന്നു. അവസാനവട്ട വിലയിരുത്തലനുസരിച്ച് 5,000-10,000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.

മറിച്ച്, പരാജയമാണെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാധ്യത പാര്‍ട്ടി ജില്ലാ നേതൃത്വത്തിനുണ്ടാകും. നടപടികളുമുണ്ടാകാം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിലെ പോരായ്മകളും ആഭ്യന്തരവകുപ്പിനെ സംബന്ധിച്ച വിവാദങ്ങളുമെല്ലാം പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാകും. ചെങ്ങന്നൂര്‍ പരാജയമെന്ന ബാധ്യത മുന്നില്‍ നിര്‍ത്തി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ട സാഹചര്യവും ഉണ്ടാകും.