ചെങ്ങന്നൂരിൽ ഇന്ന് നിശബ്ദ പ്രചാരണം; വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടി സ്ഥാനാർഥികൾ

ചെങ്ങന്നൂർ∙ ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനം. രണ്ടരമാസം നീണ്ട പ്രചാരണത്തിനൊടുവില്‍ ഏറെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് മൂന്നു മുന്നണികളും. നിര്‍ണായകമായ അവസാന മണിക്കൂറുകളില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. വീടുകളും ആരാധനാലയങ്ങളും സന്ദര്‍ശിച്ച് വോട്ടുറപ്പിക്കാനാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയപാർട്ടികൾ. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടുമണിക്ക് ആരംഭിച്ചു. കനത്ത സുരക്ഷയിൽ വിപുലമായ സൗകര്യങ്ങളാണ് യന്ത്രവിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സ്റ്റോർ റൂമിൽനിന്നാണ് പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. പത്ത് പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടർവീതം പതിനെട്ട് കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടിങ് യന്ത്രവും വിവിപാറ്റും അടക്കമുള്ള സാമഗ്രികൾ കൈപ്പറ്റുന്ന മുറയ്ക്ക് ഉദ്യോഗസ്ഥരെ അതാത് പോളിങ് സ്റ്റേഷനുകളിലേക്ക് എത്തിക്കും. ഉച്ചയോടെ ഉപകരണ വിതരണം പൂർത്തിയാകും.

ആകെ നൂറ്റിയെൺപത്തിയൊന്ന് ബൂത്തുകളാണ് വോട്ടെടുപ്പിനായി തയാറാക്കിയിരിക്കുന്നത്. ഇതിനുപുറമേ അറുപത് മെഷീനുകളും അനുബന്ധ സംവിധാനങ്ങളും കരുതൽ എന്നനിലയിലും ഒരുക്കിയിട്ടുണ്ട്. പതിമൂന്ന് ബൂത്തുകൾക്ക് ഒരു സെക്ടറൽ ഓഫിസർ എന്നനിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആകെയുള്ള പതിനഞ്ച് സെക്ടറൽ ഓഫിസർമാർക്കും മൂന്ന് കരുതൽ മെഷീനുകൾവീതം നൽകും.

അതാത് മേഖലകളിലെ മെഷീനുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഉടൻ സെക്ടറൽ ഓഫിസർക്ക് പകരം മെഷീൻ എത്തിക്കാൻ കഴിയുംവിധമാണ് ക്രമീകരണം. വിവിപാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഉപയോഗിക്കുന്നതുകൊണ്ട് പതിനൊന്ന് വിവിപാറ്റ് ടെക്നീഷ്യൻമാരെയും തിരഞ്ഞെടുപ്പിനായി എത്തിച്ചിട്ടുണ്ട്.