പുൽവാമയിൽ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു, നാട്ടുകാരനും കൊല്ലപ്പെട്ടു

ഷോപിയാനിൽ സ്ഫോടനമുണ്ടായ സ്ഥലത്തു നിന്നുള്ള ദൃശ്യം.ചിത്രം: എഎൻഐ ട്വിറ്റർ

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികന് വീരമൃത്യു. പുൽവാമയിലെ കക്പോരയിൽ സൈനിക ക്യാംപിനു നേരെയുണ്ടായ വെടിവയ്പിൽ പരുക്കേറ്റ സൈനികനാണ് മരണത്തിനു കീഴടങ്ങിയത്. സംഘർഷത്തിൽ ബിലാ‍ൽ അഹമ്മദ് എന്ന നാട്ടുകാരനും കൊല്ലപ്പെട്ടു.

ഷോപിയാനിൽ നടന്ന മറ്റൊരു സ്ഫോടനത്തിൽ മൂന്നു സൈനികർക്കു പരുക്കേറ്റതായും അറിയുന്നു. സുഗാൻ, ചില്ലിപോര മേഖലയിലാണ് ഐഇഡി ആക്രമണം ഉണ്ടായത്. പ്രദേശത്തു സൈന്യം നിരീക്ഷണം തുടരുകയാണ്. റമസാൻ മാസത്തിൽ കശ്മീരിൽ സൈനിക നടപടികൾ വേണ്ടെന്നു നേരത്തേ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഭീകരർ സമാധാനം പാലിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്നും സൈന്യം മുന്നറിയിപ്പു നൽകിയിരുന്നു.