ഉപതിരഞ്ഞെടുപ്പുകളിൽ യന്ത്രത്തകരാറെന്നു പരാതി; കയ്റാനയിൽ 43 ശതമാനം പോളിങ്

ഉപതിരഞ്ഞെടുപ്പു നടക്കുന്ന കയ്റാനയിലെ ഒരു ബൂത്തിൽനിന്നുള്ള ദൃശ്യം. ചിത്രം: എഎൻഐ, ട്വിറ്റർ.

ന്യൂഡൽഹി∙ ദേശീയ രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്ന നാലു ലോക്സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്. മഹാരാഷ്ട്രയിലെ പാൽഘറില്‍ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 40.37 ശതമാനമാണ് പോളിങ്. ഉത്തർപ്രദേശിലെ കയ്റാനയിൽ വൈകുന്നേരം നാലു വരെ 43 ശതമാനം, ഭണ്ഡാര–ഗോണ്ടിയയിൽ ഉച്ചയ്ക്ക് രണ്ടു വരെ 25 ശതമാനം എന്നങ്ങനെയാണ് പോളിങ്. നാഗാലാൻഡിലെ ഏക ലോക്സഭാ സീറ്റായ നാഗാലാൻഡില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തി.

യുപിയിലെ കയ്റാനയിൽ വോട്ടിങ് സംവിധാനങ്ങളിൽ തകരാറുകളുണ്ടായത് തിരഞ്ഞെടുപ്പ് പ്രക്രിയ താൽകാലികമായി തടസപ്പെടുത്തി. വോട്ടിങ് യന്ത്രങ്ങളിലല്ല, മറിച്ച് വിവിപാറ്റ് യന്ത്രങ്ങളിലാണ് പ്രശ്നങ്ങളുണ്ടായതെന്നും പല ബൂത്തുകളിലും യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചതായും അധികൃതർ അറിയിച്ചു. ഭണ്ഡാര– ഗോണ്ടിയയിലെ 35 ബൂത്തുകളിൽ വോട്ടിങ് റദ്ദു ചെയ്തെന്ന പ്രചാരണവും ഉദ്യോഗസ്ഥര്‍ തളളിയിട്ടുണ്ട്. ഇവിടെയും പാൽഘറിലുമായി 156 വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. 

ഈ മാസം 31–നാണ് എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ. ബിജെപിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ കയ്റാനയിൽ എസ്പി–ബിഎസ്പി–കോൺഗ്രസ്–രാഷ്ട്രീയ ലോക്ദൾ എന്നിവയുടെ പൊതുസ്ഥാനാർഥിയെയാണു ബിജെപി നേരിടുന്നത്. മഹാരാഷ്ട്രയിൽ ബിജെപിയുടെ രണ്ടു സിറ്റിങ് സീറ്റുകളിലാണു മൽസരം. പാൽഘറിൽ ബിജെപിയും ശിവസേനയും പരസ്പരം മൽസരിക്കുന്നുവെന്നതാണു പ്രത്യേകത. ഭണ്ഡാര–ഗോണ്ടിയയിൽ ശിവസേന മൽസരിക്കുന്നില്ലെങ്കിലും അവർ പൂർണമനസ്സോടെ ബിജെപിക്കു വോട്ടുചെയ്യുമോ എന്നു കണ്ടറിയണം. എൻസിപി സ്ഥാനാർഥിയെ കോൺഗ്രസ് ഇവിടെ പിന്തുണയ്ക്കുന്നു.

നാഗാലാൻഡിലെ ഏക ലോക്സഭാ സീറ്റായ നാഗാലാൻഡിൽ ബിജെപി സഖ്യത്തിലെ എൻഡിപിപിയുടെ സ്ഥാനാർഥിക്കെതിരെ മൽസരിക്കുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണയ്ക്കുന്നു.

നൂർപുർ (ഉത്തർപ്രദേശ്)– 57 ശതമാനം, ജോകിഹാത്ത് (ബിഹാർ)– 55 ശതമാനം, അമ്പട്ടി (മേഘാലയ)–85 ശതമാനം, ഷാങ്‌കോട്ട് (പഞ്ചാബ്)– 69 ശതമാനം, മഹേഷ്ടല (ബംഗാൾ)–70.01 ശതമാനം , ആര്‍ആർ നഗർ– 50 ശതമാനം എന്നിങ്ങനെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലെ പോളിങ്. ഇവയ്ക്കു പുറമെ ചെങ്ങന്നൂർ (കേരളം), പലൂസ് കഡേഗാവ് (മഹാരാഷ്ട്ര),  ഗോമിയ, സില്ലി (ജാർഖണ്ഡ്), തരാലി (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിലും 28നായിരുന്നു പോളിങ്.