Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്റാനയും ബിജെപിയെ കൈവിട്ടു; യുപിയിൽ പ്രതിപക്ഷത്തിനു ‘ഹാട്രിക്കും’ കടന്ന ജയം

Yogi Adithyanath യോഗി ആദിത്യനാഥ് (ഫയൽ ചിത്രം)

മുസാഫർനഗർ ∙ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായിരുന്ന ഗോരഖ്പുരിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുൽപുരിലെയും ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ ചൂടാറും മുൻപേ വീണ്ടും പരാജയം രുചിച്ച് ബിജെപി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷം തുടരുന്ന ‘പരീക്ഷണ’ത്തിൽ ഉത്തർപ്രദേശിൽ നേടിയതു ഹാട്രിക്കും കടന്ന വിജയം. ഈ വർഷം യുപിയിൽ നടക്കുന്ന മൂന്നാമത്തെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും പ്രതിപക്ഷ സഖ്യം വിജയം നേടി.

രാജ്യം ഉറ്റുനോക്കിയ കയ്റാന ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണു രാഷ്ട്രീയ ലോക് ദളിന്റെ (ആര്‍എൽഡി) തബസും ഹസൻ ജയിച്ചത്. തബസും 4,81,182 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർഥി മൃഗാങ്ക സിങ്ങിനു ലഭിച്ചത് 4,36,564 വോട്ടുകൾ; 44,618 വോട്ടുകളുടെ ഭൂരിപക്ഷം. പതിനാറാം ലോക്സഭയിലേക്ക് ഉത്തർപ്രദേശിൽ നിന്നുള്ള ഒരേയൊരു മുസ്‌ലിം പ്രതിനിധിയായും ഇതോടെ തബസും മാറി. സിറ്റിങ് സീറ്റായിരുന്ന നൂർപുർ നിയമസഭാമണ്ഡലവും ബിജെപി കൈവിട്ടു, അവിടെ ജയം സമാജ്‌വാദി പാർട്ടിക്ക്(എസ്പി).

എസ്പിയുടെയും ബിഎസ്പിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെയായിരുന്നു കയ്റാനയില്‍ ആർഎൽഡി സ്ഥാനാർഥിയുടെ വിജയം. തിരഞ്ഞെടുപ്പിന്റെ അവസാനനിമിഷം മത്സരത്തിൽ നിന്നു ലോക്ദൾ സ്ഥാനാർഥി കൻവർ ഹസൻ കൂടി പിന്മാറിയതോടെ തബസുമിന്റെ വിജയം അനായാസമായി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുന്നിട്ടു നിന്ന് ആധികാരമായാണ് ഈ നാൽപത്തിയേഴുകാരി വിജയത്തിലേക്കു കുതിച്ചെത്തിയത്. ബിജെപിയുടെ മൃഗാങ്ക സിങ്ങായിരുന്നു ഇവിടെ മത്സരിച്ചത്. കയ്റാന എംപിയായിരിക്കെ അന്തരിച്ച ഹുക്കുംസിങ്ങിന്റെ മകളാണു മൃഗാങ്ക. മൃഗാങ്ക മണ്ഡലത്തിന്റെ മകളാണെങ്കിൽ തബസും ‘വീട്ടിലേക്കു വന്നു കയറിയ മരുമകളാണ്’ എന്നു പറഞ്ഞായിരുന്നു ബിജെപി പ്രചാരണം. ഒടുവിൽ, മരുമകൾ തന്നെ വീട്ടുകാരിയായി കയ്റാനയിൽ!

നൂർപുറിൽ നയിമുലിന്റെ ജയം

കയ്റാനയിലെ പിന്തുണയ്ക്കു പകരം നൂർപുറിൽ എസ്പി സ്ഥാനാർഥിയെ നിർത്തിയപ്പോൾ ആർഎൽഡി പിന്തുണച്ചു. ബിഎസ്പിയും കോൺഗ്രസുമാകട്ടെ സ്ഥാനാർഥിയെ നിർത്തിയില്ല, എസ്പിക്കു പിന്തുണയും നൽകി. എസ്പിയുടെ നയിമുൽ ഹസനാണ് ഇവിടെ വിജയം നേടിയത്. ബിജെപി എംഎൽഎ ലോകേന്ദ്ര സിങ് വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നായിരുന്നു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ്. ഇദ്ദേഹത്തിന്റെ ഭാര്യ അവനി സിങ്ങായിരുന്നു ഇത്തവണ ബിജെപി സ്ഥാനാർഥി. എന്നാൽ ഒൻപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് നയിമുൽ ഹസൻ ജയിക്കുകയായിരുന്നു. 2012 ലും 2017 ലും ലോകേന്ദ്ര സിങ് മികച്ച വിജയം നേടിയ മണ്ഡലമാണിത്.

ഗോരഖ്പുരിലെയും ഫുൽപുരിലെയും തോൽവി മറന്നേക്കണമെന്നും പടിഞ്ഞാറൻ യുപിയിൽ ഇപ്പോഴും സ്വാധീനം ബിജെപിക്കാണെന്നുള്ള സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ കയ്റാനയിൽ വിജയം ഉറപ്പാക്കണമെന്നും അണികൾക്കു നിർദേശം നൽകിയ മുഖ്യമന്ത്രി യോഗിക്കും കനത്ത തിരിച്ചടിയായി രണ്ടിടങ്ങളിലെയും പരാജയം.

‘പരീക്ഷണ’ത്തിൽ വീണ്ടും വിജയം

കയ്റാന ലോക്സഭാ മണ്ഡലത്തിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങൾ ഉള്‍പ്പെടുന്നുണ്ട്– ഷാംലി, താന ഭവൻ, ഷാംലി ജില്ലയിലെ കയ്റാന, ഗംഗോ, സഹാറൻപുർ ജില്ലയിലെ നാകുർ എന്നിവയാണവ. അഞ്ചിടത്തും ഇക്കഴിഞ്ഞ നിയമസഭാ തിര‌ഞ്ഞെടുപ്പിൽ കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും ഒറ്റയ്ക്കു ശക്തി തെളിയിച്ചതാണ്. ഇതിനു പിന്നാലെ ഗോരഖ്പുർ, ഫൂൽപുർ സഖ്യവിജയം കൂടിയായതോടെയാണ് ഇത്തവണ ‘പ്രതിപക്ഷ പരീക്ഷണത്തിന്’ ബിജെപിക്കെതിരെ വീണ്ടും കളമൊരുങ്ങിയത്. പ്രതിപക്ഷ ഐക്യം വീണ്ടും ഉണ്ടാകേണ്ടതു ലോക്സഭാ തിര‌‌ഞ്ഞെടുപ്പിൽ അനിവാര്യമാണെന്ന മുൻ കേന്ദ്രമന്ത്രിയും ആർഎൽഡി നേതാവുമായ അജിത് സിങ്ങിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമായി.

കഴിഞ്ഞ തവണ 2.36 ലക്ഷം വോട്ടുകൾക്കാണു ബിജെപി സ്ഥാനാർഥി ഹുക്കും സിങ് വിജയിച്ചത്–നേടിയത് 5,65,909 വോട്ടുകൾ. അന്നു രണ്ടാം സ്ഥാനത്ത് എസ്പിയുടെ നാഹിദ് ഹസനായിരുന്നു– 3,29,081 വോട്ടുകൾ. എന്നാൽ ഇത്തവണ എസ്പി മത്സരത്തിൽ നിന്നു പിന്മാറി. പകരം ആർഎൽഡിക്കു പിന്തുണ പ്രഖ്യാപിച്ചു. നേരത്തേ ബിഎസ്പി ടിക്കറ്റിൽ കയ്റാനയിൽ നിന്നു ജയിച്ചിട്ടുള്ള തബസും ഹസനെ പിന്തുണയ്ക്കാനായിരുന്നു എസ്പി തീരുമാനം. ബിഎസ്പി വിട്ട തബസും പിന്നീട് എസ്പിയിൽ ചേർന്നിരുന്നു. ഉപതിരഞ്ഞെടുപ്പ് അടുത്ത സമയത്താണ് ആർഎൽഡിയിലേക്കു ചേക്കേറിയത്. എന്നാൽ ആർഎൽഡി സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ എസ്പിയും ബിഎസ്പിയും കോൺഗ്രസും തീരുമാനിക്കുകയായിരുന്നു.

മായാവതിയും അഖിലേഷ് യാദവും മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയില്ലെങ്കിലും പ്രചാരണത്തിനു പാർട്ടി പ്രവർത്തകർ മുന്നിൽ തന്നെയുണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ എസ്പിയിൽ നിന്നു തിരിച്ചടിയേറ്റതോടെ ഇത്തവണ ബിഎസ്പി സഖ്യത്തിനുണ്ടാകില്ലെന്നായിരുന്നു ബിജെപി നിഗമനം. സജീവമായി രംഗത്തിറങ്ങില്ലെന്ന നിലപാടെടുത്ത മായാവതി പ്രവർത്തകരെ പക്ഷേ വിലക്കിയില്ല. കോണ്‍ഗ്രസിന്റെയും കൂടി പിന്തുണ ഉറപ്പിച്ചാണ് എസ്പി–ആർഎൽഡി സഖ്യം പൊതു സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

മോദിയും മുഖ്യമന്ത്രിയും മന്ത്രിമാരും ഇറങ്ങിയിട്ടും...!

എന്തു വില കൊടുത്തും പ്രതിപക്ഷത്തെ തകർക്കാനായിരുന്നു കയ്റാനയിൽ ബിജെപി ശ്രമം. പ്രചാരണത്തിനു നേതൃത്വം വഹിച്ചതാകട്ടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലും. ഗോരഖ്പുരിലും ഫൂൽപുരിലും എസ്പി–ബിഎസ്പി സഖ്യത്തിൽ നിന്നേറ്റ തിരിച്ചടിക്കു കയ്റാനയിലൂടെ മറുപടി നൽകുകയായിരുന്നു ലക്ഷ്യം. ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്നുള്ള സമ്മർദവും യോഗിയുടെ തലയ്ക്കു മുകളിൽത്തന്നെ നിന്നു. സഹാറൻപുരും ഷാംലിയും കേന്ദ്രീകരിച്ചു പ്രചാരണത്തിനു ചുക്കാൻ പിടിച്ചത് ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയുമായിരുന്നു.

കയ്റാനയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ അഞ്ചു സംസ്ഥാന മന്ത്രിമാരെയും മുഴുവൻ സമയവും മണ്ഡലത്തിൽ ഉറപ്പാക്കി. ധരം സിങ് സായ്നി, സുരേഷ് റാണ, അനുപമ ജയ്സ്‌വാൾ, സൂര്യ പ്രതാപ് ഷാഹി, ലക്ഷ്മി നാരായണൻ എന്നീ മന്ത്രിമാരെയാണു യോഗി തിരഞ്ഞെടുപ്പു ചുമതലകളിലേക്കു നിയോഗിച്ചത്. ഇവരിൽ സയ്നി നാകുറിലെയും റാണ താന ഭവനിലെയും എംഎൽഎമാരാണ്. ഷാംലി ജില്ലയുടെ ചുമതല ജയ്സ്‌വാളിനായിരുന്നു, സഹാറൻപുരിൽ സൂര്യപ്രതാപ് ഷാഹിയും. ബിജെപി എംപിമാരായ സഞ്ജീവ് ബലിയാൻ, രാഘവ് ലഘൻ പാൽ, വിയജ് പാൽ സിങ് തോമർ, കണ്ഡാ കർദം എന്നിവരും മൃഗാങ്ക സിങ്ങിനു വേണ്ടി രംഗത്തിറങ്ങി.

മേഖലയിലെ ക്രമസമാധാന പ്രശ്നങ്ങൾക്കൊപ്പം കരിമ്പിനുണ്ടായ വിലയിടിവും കർഷകർക്കു ന്യായവില ലഭ്യമാക്കാത്തതുമാണു തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായത്. കർഷകരെ ഒപ്പം നിർത്താൻ കർഷക കുടുംബത്തിൽനിന്നു തന്നെയുള്ള എംഎൽഎയെയാണു ബിജെപി രംഗത്തിറക്കിയത്. ലക്ഷ്മി നാരായൺ ചൗധരിയെ പ്രചാരണത്തിന്റെ മുൻനിരയിലേക്കെത്തിച്ചത് അങ്ങനെയാണെന്നു ബിജെപി തന്നെ സമ്മതിച്ചിരുന്നു. കരിമ്പു കർഷകർക്കു ബിജെപി സര്‍ക്കാർ ന്യായവില ലഭ്യമാക്കുന്നില്ല എന്നതായിരുന്നു ആർഎൽഡിയുടെ പ്രധാന പ്രചാരണായുധം. എന്നാൽ കഴിഞ്ഞ സർക്കാരുകളുടെ കാലത്തു കൊടുത്തു തീർക്കാനുള്ള പണം കൊടുത്തുകഴിഞ്ഞെന്നും ഇനി അൽപം കൂടിയേ ശേഷിക്കുന്നുള്ളൂവെന്നുമായിരുന്നു ബിജെപി വാദം.

മാത്രവുമല്ല, കരിമ്പുകർഷകർക്കു വേണ്ടി വോട്ടെടുപ്പു ദിവസം പ്രധാനമന്ത്രി തന്നെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച നീക്കവും ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായി. പ്രചാരണം അവസാനിച്ചതിനു ശേഷമായിരുന്നു അത്. കയ്റാനയ്ക്കു തൊട്ടടുത്തുള്ള ബാഗ്പത്തിൽ കിഴക്കൻ അതിവേഗ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മോദി കരിമ്പുകർഷകർക്കായി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. ചട്ടലംഘനമെന്നു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയെങ്കിലും തള്ളി. പക്ഷേ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കരിമ്പുകർഷകരും ബിജെപിയെ തള്ളിയ അവസ്ഥയായി.

ജോലിക്കു പോയവർ ‘നാടുവിട്ടപ്പോൾ’!

ലക്നൗവിൽ നിന്ന് 630 കി.മീ. ദൂരെയാണ് കയ്റാന. അടുത്തിടെ വർഗീയ സംഘർഷത്തിന്റെ കറുത്ത നിഴൽപ്പാടു വീണ മുസാഫർനഗറിന്റെ അയൽ പ്രദേശം. 17 ലക്ഷം വോട്ടർമാരാണ് കയ്റാനയിലുള്ളത്. അതിൽത്തന്നെ ഭൂരിപക്ഷവും ജാട്, മുസ്‌ലിം, ദലിത് വോട്ടുകളാണ്. അഖിലേഷ് യാദവിന്റെ ഭരണകാലത്തുണ്ടായ വർഗീയ സംഘർഷത്തിനു പിന്നാലെ കയ്റാനയിൽ നിന്നു ഹിന്ദുക്കൾ കൂട്ടത്തോടെ പലായനം ചെയ്തെന്നായിരുന്നു ബിജെപിയുടെ ഇത്തവണത്തെ പ്രധാന പ്രചാരണായുധം. കയ്റാനയുടെ അതിർത്തി പ്രദേശത്തു നിന്ന് അക്രമം ഭയന്ന് ഒട്ടേറെ ഹിന്ദുക്കൾക്കു നാടുവിടേണ്ടി വന്നുവെന്നായിരുന്നു ആരോപണം.

ഹരിയാനയിലെ പാനിപ്പത്തിനോടു ചേർന്നു കിടക്കുന്ന അതിർത്തി മേഖലയിൽ നിന്നാണു പലായനമെന്നായിരുന്നു ബിജെപി പറഞ്ഞത്. എന്നാൽ ഇവിടെയുള്ള ഹിന്ദുക്കളും മുസ്‌ലിംകളും ഉൾപ്പെടെ ഹരിയാനയിലെ വിവിധ വ്യവസായശാലകളിലേക്കു ജോലിക്കു പോകുന്നതിനെയാണ് ബിജെപി ‘പലായന’മാക്കിയതെന്ന് ആർഎൽഡി തിരിച്ചടിച്ചു. ഇവർ രാവിലെ പാനിപ്പത്തിലേക്കു പോയി വൈകിട്ട് മടങ്ങിയെത്തും. ജോലിക്കു പോകുമ്പോൾ പൂട്ടിയിട്ട വീടുകളുടെ ചിത്രങ്ങളെടുത്ത് ഹിന്ദു കുടുംബങ്ങൾ കൂട്ടപ്പലായനം നടത്തിയെന്നു പ്രചാരണം നടത്തുകയാണു ബിജെപി ചെയ്തതെന്നും വ്യക്തമാക്കി ആർഎൽഡി പ്രതിരോധം തീർത്തു. അതോടെ ബിജെപി കളം മാറ്റിച്ചവിട്ടി–2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നൂറുകണക്കിനു ഹിന്ദു കുടുംബങ്ങളാണു കയ്റാന വിട്ടതെന്ന ആരോപണവുമായി പിന്നെ പ്രചാരണം. എന്നാൽ ‘വർഗീയ കാർഡിറക്കി’ കളിച്ചതും വിജയിച്ചില്ലെന്നു തിരഞ്ഞെടുപ്പുഫലം തെളിയിച്ചു.