ഇന്ത്യ–പാക് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ; സൈനിക തലത്തിൽ ‘ഹോട്ട്‌ലൈൻ’

ഇന്ത്യ–പാക്ക് അതിർത്തി.

കശ്മീർ∙ അസ്വസ്ഥത പുകയുന്ന അതിർത്തിയിൽ വീണ്ടും സമാധാന ശ്രമങ്ങളുമായി ഇന്ത്യ–പാക്ക് സൈന്യം. 2003ലുണ്ടാക്കിയ വെടിനിർത്തൽ കരാർ അതിർത്തിയിൽ പാലിക്കാൻ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സംയുക്ത തീരുമാനം. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽമാർ (മിലിട്ടറി ഓപ്പറേഷൻസ്) തമ്മിൽ ഹോട്ട്‌ലൈൻ ബന്ധവും സ്ഥാപിച്ചു.

നിയന്ത്രണരേഖയിലും അതുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും ഉൾപ്പെടെ അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരും. അതിർത്തിയിലെ ജനവാസ മേഖലയിൽ ജീവിക്കുന്നവരുടെ ജീവനു ഭീഷണിയുണ്ടാകാത്ത രീതിയില്‍  പ്രവർത്തനങ്ങള്‍ തുടരും. ഇന്നു മുതൽ വെടിനിർത്തൽ കരാർ യാതൊരു കാരണവശാലും ലംഘിക്കില്ലെന്നും ഇരുവിഭാഗവും തീരുമാനമെടുത്തു.

അതിർത്തിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇരുവിഭാഗവും സംയമനം പാലിക്കും. ഹോട്ട്‌ലൈൻ ബന്ധത്തിലൂടെ ഉടനടി പ്രശ്നപരിഹാരത്തിനു ശ്രമിക്കും. ലോക്കൽ സൈനിക കാമാൻഡർമാരുടെ നേതൃത്വത്തിൽ അതിർത്തിയിൽ ഫ്ലാഗ് മീറ്റിങ്ങുകളും കാര്യക്ഷമമാക്കുമെന്നും ഇന്ത്യ–പാക് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.