കൊമ്പനെ ആനപ്പന്തിയിലേക്ക് മാറ്റും: വയനാട്ടിൽ ഹർത്താൽ പിൻവലിച്ചു

കൽപ്പറ്റ ∙ ബത്തേരിയിലും പരിസരപ്രദേശങ്ങളിലും നാശം വിതയ്ക്കുന്ന വടക്കനാട് കൊലയാളിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫും ബിജെപിയും വ്യാഴാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു. ബത്തേരിയില്‍ അക്രമാസക്തനായ കൊമ്പനാനയെ ആനപ്പന്തിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണു നടപടി. വടക്കനാട് കൊമ്പനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ഒൻപതു ദിവസമായി നാട്ടുകാർ സമരത്തിലായിരുന്നു. സമരക്കാർക്കു പിന്തുണ എന്ന നിലയിലാണു ഹർത്താൽ‌ പ്രഖ്യാപിച്ചത്.

വടക്കനാട് മേഖലയിലെ മൂന്ന് വാർഡുകളെയാണു കാട്ടാനപ്രശ്നം രൂക്ഷമായി ബാധിച്ചത്. പച്ചാടി, പണയമ്പം, പള്ളിവയൽ, മംഗലംകുന്ന്, കരിപ്പൂര്, കല്ലൂർകുന്ന്, കുളത്തൂർകുന്ന്, വള്ളുവാടി, താഴെ ഓടപ്പള്ളം, മണലാടി, അൻപതേക്കർ, മണലിമൂല, വെള്ളക്കെട്ട്, മംഗലംകുന്ന്, മാടക്കുന്ന് എന്നിവിടങ്ങളാണു പ്രശ്നബാധിതം. 1400 ലധികം വീടുകള്‍ മൂന്നു വാര്‍ഡുകളിലുമായുണ്ട്. വയലുകളിലെ നെല്ലുകൾ തിന്നു തീർക്കുന്നത് തൊട്ട് വൻതോതിലുള്ള കൃഷിനാശമാണു വരുത്തുന്നത്. വീടുകളുടെ മുറ്റത്തേയ്ക്കു കൂടി എത്തുന്നതിനാൽ വൈകിട്ട് ഏഴു കഴിഞ്ഞാൽ ഗ്രാമവാസികൾക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.