വരാപ്പുഴ കസ്റ്റഡി മരണം: എസ്പി ഊരി; ഡിവൈഎസ്പി കുടുങ്ങി

എ.വി. ജോർജ്

തിരുവനന്തപുരം∙ വരാപ്പുഴ കസ്റ്റഡി കൊലക്കേസിൽ മുൻ റൂറൽ എസ്പി: എ.വി.ജോർജിനെയും ആലുവ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രനെയും പ്രതിയാക്കില്ലെന്നു സൂചന. ഇതോടെ നിലവിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരിൽ അന്വേഷണം അവസാനിക്കും. അതേസമയം മേൽനോട്ടത്തിലും കൃത്യനിർവഹണത്തിലും ഗുരുതര വീഴ്ച വരുത്തിയ പ്രഭുല്ലചന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തൽസ്ഥാനത്തുനിന്നു മാറ്റാനും ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് ഡിജിപിക്കു റിപ്പോർട്ട് നൽകി.

കേസിൽ ജോർജിനെ പ്രതിയാക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടു നിയമോപദേശം തേടിയെങ്കിലും രണ്ടാഴ്ചയായിട്ടും അദ്ദേഹം മറുപടി നൽകിയിട്ടില്ല. ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന എ.വി.ജോർജിനെ പ്രത്യേക അന്വേഷണസംഘം മൂന്നുവട്ടം ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ശ്രീജിത്തിനെ പിടിച്ച വിവരം വയർലെസ് സെറ്റിലൂടെ അറിഞ്ഞപ്പോൾ എസ്പി ‘വെരി ഗുഡ്’ എന്നു പ്രശംസിക്കുകയും കേസിലുൾപ്പെട്ട പൊലീസുകാരെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

ഇദ്ദേഹം നിയമവിരുദ്ധമായി രൂപീകരിച്ച ‘ടൈഗർ ഫോഴ്സ്’ പൊലീസ് സംഘമാണു ശ്രീജിത്തിനെ പിടിച്ചത്. എന്നാൽ അന്വേഷണം നടത്താതെ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ജോർജിനെ അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിടാനുള്ള തീരുമാനവുമായാണു മൂന്നാമതു വിളിച്ചു വരുത്തിയത്.

ജോർജ് അപ്പോൾ ആലുവ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രന്റെ ഒരു റിപ്പോർട്ട് ഹാജരാക്കി. ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടിൽ പോയപ്പോൾ ശ്രീജിത്തിനു ചവിട്ടേറ്റതാകാമെന്നായിരുന്നു ഈ റിപ്പോർട്ടിൽ. പ്രഭുല്ലചന്ദ്രനെ വിളിച്ചുവരുത്തി ഐജി ചോദ്യം ചെയ്തപ്പോൾ എസ്പി ഓഫിസിൽനിന്നു തന്റെ റൈറ്ററെ ഫോണിൽ വിളിച്ചെന്നും അദ്ദേഹം സിഐയുടെ റൈറ്ററെ വിളിച്ചെന്നും അവർ നൽകിയ റിപ്പോർട്ടിൽ താൻ ഒപ്പിടുക മാത്രമാണു ചെയ്തതെന്നും അന്വേഷണ സംഘത്തോടു പറഞ്ഞു.

ആദ്യം ചോദ്യം ചെയ്തപ്പോൾ എസ്പി ഈ റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല.