പുതുമുഖങ്ങൾ വരട്ടെ: ‘യുവ കലാപ’ത്തിന് കെ.സുധാകന്റെ പിന്തുണ

കണ്ണൂർ∙ രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് യുവനിര ഉയർത്തുന്ന പ്രതിഷേധം മുതിർന്ന നേതാക്കളും ഏറ്റെടുക്കുന്നു. കാലാവധി അവസാനിക്കുന്ന മുതിർന്ന നേതാവ് പി.ജെ. കുര്യൻ പുതുമുഖങ്ങൾക്ക് വഴിമാറണമെന്ന യുവ എംഎല്‍എമാരുടെ ആവശ്യത്തെ പിന്തുണച്ച് കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവ് കെ.സുധാകരനും രംഗത്തെത്തി.

കോൺഗ്രസിൽ അഴിച്ചു പണി അത്യാവശ്യമാണെന്നും രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. ഹൈക്കമാൻഡിന് ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതിയുണ്ട്. അതേസമയം, യുവനേതാക്കൾ പാർട്ടി വിമർശനങ്ങളിൽ നിന്ന് പിൻമാറണമെന്നും അഭിപ്രായം രേഖപ്പെടുത്തേണ്ടതും പാർട്ടി ഫോറങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, എംഎൽഎമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ, റോജി ജോൺ, ഹൈബി ഈഡൻ, അനിൽ അക്കര എന്നിവരാണ് രാജ്യസഭയിലേക്ക് പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യമുയർത്തി രംഗത്തെത്തിയത്. പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് ഇനി മാറിനിൽക്കാനുള്ള ഔചിത്യം പി.ജെ. കുര്യൻ കാട്ടുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ഫെയ്സ്ബുക്കിൽ പോസ്റ്റിലൂടെ വി.ടി. ബൽറാമിന്റെ പ്രസ്താവന.

ഇതിനെ പിന്തുണച്ചാണ് മറ്റു യുവ എംഎൽഎമാരും രംഗത്തെത്തിയത്. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നായിരുന്നു ഹൈബി ഈഡന്റെ നിലപാട്. മരണം വരെ  പാര്‍ലമെന്‍റിലോ അസംബ്ലിയിലോ വേണമെന്ന് നേര്‍ച്ചയുള്ളവര്‍ കോണ്‍ഗ്രസിന്‍റെ ശാപമാണെന്ന്  റോജിയും ആഞ്ഞടിച്ചു.