കൊല്ലം രൂപത മെത്രാനായി ഡോ. പോൾ ആന്റണി മുല്ലശ്ശേരി അഭിഷിക്തനായി

കൊല്ലം രൂപത മെത്രാനായി അഭിഷിക്തനായ ഡോ. പോൾ ആന്റണി മുല്ലശ്ശേരിക്കു ബിഷപ് ഡോ. സ്റ്റാൻലി റോമൻ അധികാര ചിഹ്നങ്ങൾ അണിയിക്കുന്നു. ചിത്രം: വിഷ്ണു സനല്‍ ∙ മനോരമ

കൊല്ലം ∙ കൊല്ലം രൂപത മെത്രാനായി ഡോ. പോൾ ആന്റണി മുല്ലശ്ശേരി അഭിഷിക്തനായി. കൊല്ലം മെത്രാൻ ഡോ. സ്റ്റാൻലി റോമന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. നിയുക്ത മെത്രാനു പാരമ്പര്യം കൈമാറുന്ന കൈവയ്പു കർമവും സുവിശേഷഗ്രന്ഥം തലയിൽവച്ചുള്ള പ്രതിഷ്ഠാപന പ്രാർഥനയും ഡോ. സ്റ്റാൻലി റോമൻ നിർവഹിച്ചു. തുടർന്ന് അധികാരചിഹ്നങ്ങളായ മോതിരവും അംശമുടിയും അധികാരദണ്ഡും സ്വീകരിച്ചു രൂപതയുടെ അജപാലനദൗത്യത്തിന്റെ ചുമതല ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഏറ്റെടുത്തു.

വിവിധ മെത്രാന്മാരും കൈവയ്പു കർമം നടത്തിയ ശേഷം പുതിയ മെത്രാനെ സമാധാനചുംബനം നൽകി സ്വീകരിച്ചു. കണ്ണൂർ മെത്രാൻ ഡോ. അലക്സ് വടക്കുംതല, പുനലൂർ മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവർ സഹകാർമികരായിരുന്നു. തൃശൂർ അതിരൂപത മെത്രാൻ ഡോ. ആൻഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തി. തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. സൂസപാക്യം ആശംസകൾ നേർന്നു. 

കൊല്ലം രൂപത മെത്രാനായി ഡോ. പോൾ ആന്റണി മുല്ലശ്ശേരി അഭിഷിക്തനായ ചടങ്ങിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ. ചിത്രം: വിഷ്ണു സനല്‍ ∙ മനോരമ

ഫാത്തിമ മാതാ കോളജിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടന്ന ചടങ്ങുകൾ വീക്ഷിക്കാൻ പുരോഹിതരും കന്യാസ്ത്രികളും വിശ്വാസികളുമടക്കം ആയിരക്കണക്കിനു പേരാണു സന്നിഹിതരായത്. പുതിയ മെത്രാന് ആശംസ നേരാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എത്തിയിരുന്നു.