ലീല മേനോൻ എന്നും സാഹസിക; തോറ്റോടി ഹൃദ്രോഗവും പക്ഷാഘാതവും അർബുദവും

ലീല മേനോൻ (ഫയൽ ചിത്രം∙ മനോരമ)

കോട്ടയം∙ പത്രപ്രവർത്തനം എന്നൊരു മേഖലയെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലാത്ത പെൺകുട്ടി. സാഹസികതയും വ്യത്യസ്തതയും കൂടപ്പിറപ്പ്. തന്നെക്കുറിച്ചുള്ള വാർത്ത വായിച്ചു പ്രചോദിതയായാണ് 40–ാം വയസ്സിൽ ലീല മേനോൻ പത്രപ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. അക്കാലത്ത് സ്ത്രീകൾ ചെയ്യാതിരുന്നൊരു ജോലിയുടെ പേരിൽ– കേരളത്തിലെ ആദ്യ വനിത ടെലിഗ്രാഫ് ഓഫിസർ– തന്നെക്കുറിച്ച് എഴുതാനെത്തിയ ജേണലിസ്റ്റാണു ലീലയിൽ പത്രപ്രവർത്തനത്തിന്റെ തീപ്പൊരിയിട്ടത്. പ്രേമ വിശ്വനാഥന്റെ ലേഖനം കണ്ട് ആവേശത്തിലായ ലീല എങ്ങനെ പത്രപ്രവർത്തകയാകാമെന്ന് അന്വേഷിച്ചു. പത്രപ്രവർത്തന കോഴ്‌സ് പഠിച്ചു.

ഇന്ത്യൻ മാധ്യമ മേഖലയിൽ മറ്റൊരു സ്‌ത്രീക്കും കഴിയാത്ത നേട്ടങ്ങളുടെ ഉടമയാണു ലീല. മാധ്യമപ്രവർത്തനത്തിലേക്കു വരാൻ പൊതുവേ സ്‌ത്രീകൾ മടിച്ചുനിന്ന കാലത്തു ആ വെല്ലുവിളി ഏറ്റെടുത്തു വെന്നിക്കൊടി പാറിച്ചു, ലീല. 1932–ൽ എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടിൽ പാലക്കോട്ട് നീലകണ്ഠൻ കർത്താവിന്റെയും ജാനകിയമ്മയുടേയും മകളായി പിറന്ന ലീലയ്ക്ക് പത്രപ്രവർത്തനം ആവേശവും ആഘോഷവുമായിരുന്നു. വെങ്ങോല പ്രൈമറി സ്കൂൾ, പെരുമ്പാവൂർ ഇംഗ്ലിഷ് സ്കൂൾ ഹൈദരാബാദ് നൈസാം കോളജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം. 1948–ൽ, പതിനേഴാം വയസിൽ പോസ്‌റ്റ് ഓഫീസിൽ ടെലിഗ്രാഫറായി ജോലി. ആദ്യം ഹൈദരാബാദിലും പിന്നീട് കൊച്ചിയിലുമായിരുന്നു നിയമനം.

കൊച്ചിയിൽ ജോലി ചെയ്യവേ പരിചയപ്പെട്ട ഭാസ്കര മേനോനെ വിവാഹം ചെയ്തു. പഠനം തുടർന്ന ലീല ബിരുദവും പത്രപ്രവർത്തനത്തിൽ പരിശീലനവും നേടി. ഭാരതീയ വിദ്യാഭവന്റെ ജേണലിസം ഡിപ്ലോമ സ്വർണ മെഡലോടെ പാസായി. 1978–ൽ ഇന്ത്യൻ എക്സ്പ്രസിന്റെ ഡൽഹി യൂണിറ്റിൽ പത്രപ്രവർത്തനത്തിൽ ഹരിശ്രീ കുറിച്ചു. ന്യൂഡൽഹി, കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. പ്രിൻസിപ്പൽ കറസ്പോണ്ടന്റായിരിക്കെ 2000–ൽ പിരിഞ്ഞു. ഒൗട്ട്ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയിൽ പംക്തികൾ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോർപറേറ്റ് ടുഡേ എന്നിവയിൽ എഡിറ്ററും ജന്മഭൂമിയുടെ ചീഫ് എഡിറ്ററുമായി.

മാധ്യമപ്രവർത്തകരായ സ്ത്രീകൾ അക്കാലത്ത് പൊതുവേ തിരഞ്ഞെടുക്കാത്ത റിപ്പോർട്ടിങ് രംഗമാണു ലീല ഇഷ്ടപ്പെട്ടത്. എയർഹോസ്‌റ്റസുകൾക്കു വിവാഹത്തിനു വിലക്കേർപ്പെടുത്തിയിരുന്ന സംഭവമാണു ശ്രദ്ധയാകർഷിച്ച ആദ്യ റിപ്പോർട്ട്. സൂര്യനെല്ലി കേസ്, വിതുര പെൺവാണിഭം, പെരുമൺ ട്രെയിൻ ദുരന്തം, ആദ്യത്തെ എയ്‌ഡ്‌സ് രോഗി ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ. ഹൃദ്രോഗവും പക്ഷാഘാതവും പിന്നീട് അർബുദവും ആരോഗ്യവ്യസ്ഥയെ ബാധിച്ചെങ്കിലും ലീല തളർന്നില്ല. വൈദ്യശാസ്ത്രം ആറു മാസത്തെ ആയുസ്സ് പറഞ്ഞപ്പോൾ, മരിക്കാൻ സമയമായിട്ടില്ലെന്നും ഇനിയുമേറെ ചെയ്യാനുണ്ടെന്നും പറഞ്ഞ്, ജീവിതം തുടർന്നു.

ലീലയുടെ ജീവിതം നോവലിലും

വർഷങ്ങൾക്കു മുൻപു കൊച്ചി നഗരത്തിലെ ഒരു പത്രം ഓഫിസിന്റെ ബ്യൂറോ. തിരക്കുപിടിച്ച ആ ദിവസത്തെ വാർത്തകൾ രാത്രി വൈകിയിട്ടും കംപ്യൂട്ടറിൽ ടൈപ്പു ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു ആ വനിതാ റിപ്പോർട്ടർ. അപ്പോഴാണു ഫോൺ ബെല്ലടിച്ചത്. അൽപ്പം മുഷിച്ചിലോടെയാണു റിസീവറെടുത്തത്. ശബ്‌ദം കേട്ട് ആദ്യമൊന്നമ്പരന്നു. മറുതലയ്‌ക്കൽ ഭർത്താവാണ്. രണ്ടു ദിവസമായി അദ്ദേഹത്തിനു തീരെ വയ്യ.

‘എന്താ വയ്യായ്‌മ വല്ലതുമുണ്ടോ?’ പരിഭ്രമത്തോടെ തിരക്കി.

‘എനിക്കൊരു കുഴപ്പവുമില്ല. അയാം ഓൾറൈറ്റ്...!’

‘ഇന്നു കുറച്ചു തിരക്കായിരുന്നു. സാരമില്ല, ഉടനെ തീർത്ത് അങ്ങെത്തിക്കൊള്ളാം..’

‘തിരക്കില്ല. നീ ഫോൺ വയ്‌ക്കരുത്. ഒരു കാര്യം പറയാനുണ്ട്...’ 

‘എന്താണ്? എന്താണെങ്കിലും പറയൂ..’

‘മോളേ, ഐ ലവ് യു.. ഐ ലവ് യു സോ മച്ച്...!’

ലോകത്തെ ഏതു ഭാര്യയും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ. മനം കുളിർത്തുപോയി. ആ നിമിഷം അദ്ദേഹത്തിന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കാൻ മോഹിച്ചു. പക്ഷേ പേടിയാണു മനസ്സിലെത്തിയത്. അദ്ദേഹത്തിനു വല്ലായ്‌മ വല്ലതുമുണ്ടോ..

‘മോളെ, ഞാനൊരു പാട്ടു പാടിത്തരട്ടെ? പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ...’

റിസീവർ ഒന്നുകൂടി ചെവിയോടു ചേർത്തു. പലപ്പോഴും പാടിക്കേൾപ്പിച്ചിട്ടുള്ള പാട്ട്. അവസാന വരിയിലെത്തിയതോടെ ഫോൺ കട്ടായി. തിരികെ വിളിച്ചെങ്കിലും എടുത്തില്ല. ജോലി തീർത്തു വെങ്ങോലയിലുള്ള വീട്ടിലേക്ക് ഒരു പാച്ചിലായിരുന്നു. പക്ഷേ എത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. പ്രിയ പത്നിയെ തനിച്ചാക്കി അദ്ദേഹം മറ്റൊരു ലോകത്തേക്കു യാത്രയായി. 

ലീല മേനോനാണ് ഈ അനുഭവം നേരിട്ടത്. വെയിലിലേക്കു മഴ ചാഞ്ഞു എന്ന നോവലിൽ ലീലയുടെ കുട്ടിക്കാലം മുതൽ ജന്മഭൂമിയുടെ പത്രാധിപ വരെയെത്തിയ ജീവിതകഥയാണ് ആധാരം. ജെ.സേവ്യറാണ് നോവലിന്റെ രചന നിർവഹിച്ചത്. നിലയ്‌ക്കാത്ത സിംഫണി എന്ന അനുഭവകഥയിൽ പറയാത്ത പലതും നോവലിലുണ്ടെന്നു ലീല മേനോൻ പറയുമായിരുന്നു.