Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീലാ മേനോനു വിട

LEELA MENON

കൊച്ചി ∙ ഇന്ത്യൻ പത്രപ്രവർത്തന രംഗത്തു മലയാളത്തിന്റെ തിളങ്ങുന്ന സ്ത്രീമുഖമായ ലീലാ മേനോൻ ഇനി ഓർമ. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളടക്കമുള്ള ഒട്ടേറെ വിഷയങ്ങൾ ലോകശ്രദ്ധയിലെത്തിച്ച അവർക്ക് ഉറ്റവരും സ്നേഹിതരും കണ്ണീരോടെ വിടചൊല്ലി. 

ഞായറാഴ്ച രാത്രി അന്തരിച്ച ലീലാ മേനോന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തിന് എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ സാമൂഹിക-സാംസ്കാരിക-പത്രപ്രവർത്തന രംഗത്തെ ഒട്ടേറെപ്പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എഴുത്തുകാരൻ എൻ.എസ്. മാധവൻ, മുതിർന്ന മാധ്യമ പ്രവർത്തകരായ ടി.ജെ.എസ്. ജോർജ്, എം.കെ. ദാസ്, സെബാസ്റ്റ്യൻ പോൾ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, മേയർ സൗമിനി ജയിൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആർ. കുമാർ, ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്, വിവിധ രാഷ്ട്രീയ-സമുദായ സംഘടനാ നേതാക്കൾ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. 

ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളം രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ലീലാ മേനോന്റെ ഭർത്താവ് ഭാസ്‌കര മേനോന്റെ സഹോദരീപുത്രൻ എം. ജയകുമാറാണ് അന്ത്യകർമങ്ങൾ നടത്തിയത്.

ജൻമഭൂമി ചീഫ് എഡിറ്ററായിരുന്ന ലീലാ മേനോൻ വാർധക്യ സഹജമായ അസുഖം മൂലം മൂന്നു മാസത്തിലേറെയായി ചികിൽസയിലായിരുന്നു. നാലര പതിറ്റാണ്ടിലേറെ പത്രപ്രവർത്തന രംഗത്തെ സജീവ സാനിധ്യമായിരുന്നു.