ജമ്മുവിൽ വീണ്ടും പാക്ക് ആക്രമണം; രണ്ടു ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ ∙ വെടിനിർത്തൽ ധാരണ വീണ്ടും ലംഘിച്ച് ഇന്നു പുലർച്ചെ ജമ്മു കശ്മീരിലെ ഇന്ത്യ- പാക്ക് അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ടു ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു. ജമ്മുവിലെ അഖ്നൂർ സെക്ടറിലെ പ്രഗ്‌വാലിൽ രാജ്യാന്തര അതിർത്തിയിലാണ് പാക്ക് റേഞ്ചേഴ്സ് പ്രകോപനമൊന്നുമില്ലാതെ ആക്രമണം നടത്തിയത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒ മാര്‍ (മിലിട്ടറി ജനറൽ ഓഫ് ഓപ്പറേഷൻസ്) തമ്മിൽ 2003 ലെ വെടിനിർത്തൽ കരാർ പാലിക്കാൻ ധാരണയുണ്ടാക്കി ഒരാഴ്ച തികയും മുമ്പാണ് പാക്കിസ്ഥാന്റെ കരാർലംഘനം. 

പുലർച്ചെ അതിർത്തിയിൽ പാക്കിസ്ഥാൻ വ്യാപകവെടിവയ്പ് നടത്തുകയായിരുന്നെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ടുപേർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ അതിർത്തിയിൽ നടത്തുന്ന ആക്രമണങ്ങൾ‌ പതിവാകുകയാണ്. കഴിഞ്ഞ മാസം അവസാനം ജമ്മുവിലെ അതിർത്തി ജില്ലകളായ കഠ്‍വയിലെയും സാംബയിലേയും ആയിരക്കണക്കിന് ആളുകൾ പാക്ക് വെടിവയ്പിനെയും ഷെല്ലാക്രമണത്തെയും തുടർന്ന് വീടുവിട്ടു പോയിരുന്നു.