കർഷക സമരം തുടരുന്നു; പഴം, പച്ചക്കറി വിലയിൽ കുതിപ്പ്

മീററ്റിൽ സമരം ചെയ്യുന്ന കർഷകർ പച്ചക്കറികൾ റോഡിൽ തള്ളി പ്രതിഷേധിക്കുന്നു. ചിത്രം:പിടിഐ

ഭോപ്പാൽ∙ നഗരങ്ങളിലേക്കുള്ള പഴം, പച്ചക്കറി, പാൽ വിതരണം നിർത്തിവച്ച് ഏഴു സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന സമരം നാലാം ദിനത്തിലേക്കു കടന്നതോടെ കാർഷിക ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധന. ഉൽപന്നങ്ങളുടെ വരവു നിലച്ചതോടെ ചില്ലറ കച്ചവടക്കാർ വില ഇരട്ടിയാക്കി. പഴവും പച്ചക്കറിയും റോഡിൽ തള്ളിയാണു കർഷകരുടെ പ്രതിഷേധം. ക്ഷീരസംഘങ്ങൾ പാൽ റോഡിൽ ഒഴുക്കിയാണു പ്രതിഷേധിച്ചത്. എന്നാൽ സമരം എവിടെയും ആക്രമാസക്തമായതായി റിപ്പോർട്ടില്ല. അതേസമയം കർഷക സമരം കച്ചവടത്തെ ബാധിച്ചിട്ടില്ലെന്നു മഹാരാഷ്ട്രയിലെ വ്യാപാരികൾ അവകാശപ്പെട്ടു.

കണ്ണീർക്കനി: ഹരിയാനയിലെ ഹിസാറിൽ സമരം ചെയ്യുന്ന കർഷകർ പച്ചക്കറികൾ റോഡിൽ ഉപേക്ഷിച്ചനിലയിൽ. ചിത്രം: പിടിഐ

കർഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാൻ ഏക്ത മഞ്ചിന്റെയും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നേതൃത്വത്തിൽ മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, കർണാടക, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണു സമരരംഗത്തുള്ളത്. കുറഞ്ഞ വേതന പദ്ധതി നടപ്പാക്കുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം ഒന്നുമുതൽ 10 വരെയാണു സമരം.

കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി കർഷകർ പാൽ റോഡിൽ ഒഴുക്കി പ്രധിഷേധിക്കുന്നു.

കഴിഞ്ഞ വർഷം ജൂണിൽ ‘മൻസോർ കർഷക പ്രക്ഷോഭം’ നടന്ന മധ്യപ്രദേശിലെ മൻസോർ തന്നെയാണ് ഇത്തവണയും കർഷക സമരത്തിന്റെ പ്രധാനകേന്ദ്രം. 2017 ജൂൺ ആറിനു മൻസോറിൽ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പിൽ ആറു കർഷകരാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച മൻസോറിൽ നടക്കുന്ന റാലിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.

കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി കർഷകർ പാൽ റോഡിൽ ഒഴുക്കി പ്രധിഷേധിക്കുന്നു.