പാർട്ടി പരിപാടിക്ക് തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങൾ; ജനപ്രതിനിധികളെത്തിയത് ഔദ്യോഗിക വാഹനങ്ങളിൽ

കണ്ണൂർ നായനാർ അക്കാദമിയിൽ നടക്കുന്ന സിപിഎം മേഖലാ റിപ്പോർട്ടിങ്ങിന് പ്രതിനിധികളുമായെത്തിയ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം. ചിത്രം: മനോരമ

കണ്ണൂർ∙ പാർട്ടി പരിപാടിക്കു സർക്കാർ വക സൗകര്യങ്ങൾ ദുർവിനിയോഗം ചെയ്തു ജനപ്രതിനിധികൾ. കണ്ണൂർ നായനാർ അക്കാദമിയിൽ നടക്കുന്ന സിപിഎം മേഖലാ റിപ്പോർട്ടിങ്ങിന് കോഴിക്കോട്ടുനിന്നും വയനാട്ടിൽനിന്നുമെല്ലാം ജനപ്രതിനിധികൾ എത്തിയതു തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങളിൽ.

കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ ലോക്കൽ സെക്രട്ടറിമാർ, ഏരിയാ കമ്മിറ്റിയംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവരാണു മേഖലാ റിപ്പോർട്ടിങ്ങിൽ പങ്കെടുക്കുന്നത്. ഇവരിൽ ഏറെപ്പേരും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളുമാണ്. പാർട്ടി പരിപാടിയിൽ പങ്കെടുക്കാനാണു ജനപ്രതിനിധിക്കു വേണ്ടി പഞ്ചായത്തിന്റെ വാഹനങ്ങൾ ഓടുന്നത്. മുൻപും ഇങ്ങനെ തന്നെയാണല്ലോ എന്നും എന്താണു പുതുമയെന്നുമായിരുന്നു പാർട്ടി നേതാവായ ഒരു ജനപ്രതിനിധിയുടെ പ്രതികരണം.

പാർട്ടി കോൺഗ്രസ് തീരുമാനം റിപ്പോർട്ട് ചെയ്യുന്നത് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ട്. മൂന്നു മാസം മുൻപു തൃശൂരിൽ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ യാത്ര നടത്തിയതു വിവാദമായിരുന്നു. വിവാദമായപ്പോൾ തുക പാർട്ടി നൽകുമെന്നു സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു.