എടപ്പാൾ പീഡനം: തടിയൂരാൻ പൊലീസ്, കേസ് പിൻവലിച്ച് തിയറ്റർ ഉടമയെ സാക്ഷിയാക്കും

തിയറ്റര്‍ ഉടമ സതീശന്‍

മലപ്പുറം∙ എടപ്പാൾ തിയറ്ററിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസിൽ തിയറ്റർ ഉടമ സതീശനെതിരെ കേസെടുത്തതു വിവാദമായതോടെ പരിഹാര നടപടിയുമായി പൊലീസ്. സതീശിനെതിരായ കേസ് പിൻവലിച്ചു മുഖ്യസാക്ഷിയാക്കുന്നതിനാണു നീക്കം. മലപ്പുറം എസ്പിക്ക് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചു നിർദേശം നൽകി.

പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നാരോപിച്ചാണു തിയറ്റർ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാൽ നടപടിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണു പൊലീസിന്റെ തലയൂരൽ.

പൊലീസ് നടപടിയെ വിമര്‍ശിച്ചു വനിതാ കമ്മിഷന്‍ അധ്യക്ഷ രംഗത്തെത്തി. തിയറ്റര്‍ ഉടമയുടെ നടപടി അഭിനന്ദനാര്‍ഹമായിരുന്നുവെന്ന് എം.സി. ജോസഫൈന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. പൊലീസ് കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു. പൊലീസിന്റേതു തെറ്റായ നടപടിയെന്നു മുന്‍ ഡിജിപി ടി.പി. സെന്‍കുമാറും നേരത്തെ വ്യക്തമാക്കിയിരുന്നു.