ഗുരുവായൂർ – ഇടമൺ പാസഞ്ചർ മധുരയിലേക്കു നീട്ടണമെന്നു യാത്രക്കാർ

കൊച്ചി∙ പുനലൂർ ചെങ്കോട്ട പാത ഒൗദ്യോഗികമായി തുറക്കുന്നതോടെ ഗുരുവായൂർ – ഇടമൺ പാസഞ്ചർ മധുരയിലേക്കു നീട്ടണമെന്നു യാത്രക്കാർ. രാവിലെ തിരക്കുണ്ടെങ്കിലും വൈകിട്ടുള്ള മടക്കയാത്രയിൽ ആളില്ലാതെയാണു ട്രെയിൻ ഇപ്പോൾ ഗുരുവായൂർ വരെ ഒാടുന്നത്. സർവീസ് ആരംഭിച്ച ഘട്ടത്തിൽ ഗേജ് മാറ്റം കഴിയുമ്പോൾ മധുര വരെ നീട്ടുമെന്നു പ്രഖ്യാപിച്ചിരുന്ന ട്രെയിനാണിത്. എന്നാൽ പാലരുവി ഉൾപ്പെടെ മറ്റു ട്രെയിനുകളുടെ കാര്യത്തിൽ തീരുമാനമായെങ്കിലും ഗുരുവായൂർ പാസഞ്ചർ നീട്ടുന്നതു സംബന്ധിച്ചു റെയിൽവേ തീരുമാനമെടുത്തിട്ടില്ല.

പാലക്കാട് – പുനലൂർ പാലരുവി എക്സ്പ്രസ് തിരുനെൽവേലി വരെ നീട്ടാനുള്ള തീരുമാനം യാത്രക്കാർ സ്വാഗതം ചെയ്തു.ഇപ്പോൾ ഗുരുവായൂർ – ചെന്നൈ എഗ്മൂർ ട്രെയിനിനെ ആശ്രയിക്കുന്ന നുറൂകണക്കിന് ആളുകൾക്കു ട്രെയിൻ പ്രയോജനപ്പെടും. ട്രെയിനിൽ സ്ലീപ്പർ കോച്ചുകളും എസി കോച്ചും അനുവദിക്കണമെന്നു തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

കൊല്ലം പുനലൂർ റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്ന ഏഴു ജോഡി പാസഞ്ചർ ട്രെയിനുകൾ നഷ്ടത്തിലാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഇവ പുനക്രമീകരിക്കാൻ ദക്ഷിണ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. 14 പാസഞ്ചർ ട്രെയിനുകളിൽ നാലെണ്ണം റദ്ദാക്കും. രാവിലെ 8.40നുള്ള കൊല്ലം ഇടമൺ പാസഞ്ചർ, 11.18നുളള ഇടമൺ – കൊല്ലം പാസഞ്ചർ, രാവിലെ 6.30നുളള കൊല്ലം പുനലൂർ പാസഞ്ചർ, രാത്രി 7.30നുള്ള പുനലൂർ – കൊല്ലം പാസഞ്ചർ എന്നിവ റദ്ദാക്കാനാണു നിർദേശം. ഇതിൽ 8.40ന്റെ സർവീസ് ഒഴിച്ചു ബാക്കിയുളളവ കനത്ത നഷ്ടത്തിലാണെന്നു പറയുന്നു. യാത്രക്കാർ കുറവായ പാസഞ്ചറുകൾ റദ്ദാക്കുമ്പോൾ അവയുടെ കോച്ചുകൾ ഉപയോഗിച്ചു കൊല്ലത്തുനിന്നു തൂത്തുകുടി, തിരുച്ചെന്തൂർ, രാമേശ്വരം ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കണമെന്നാണു ബദൽ നിർദേശം.

റെയിൽവേ പാതയ്ക്കു സമാന്തരമായി ദേശീയപാത കടന്നു പോകുന്നതിനാൽ കൊല്ലം – പുനലൂർ റൂട്ടിൽ ബസ് യാത്രക്കാരാണു കൂടുതൽ. ട്രെയിനിൽ ആളില്ലാത്തതിനും ഇതാണ് കാരണം. പല സ്റ്റേഷനുകളിലും എത്തിപ്പെടാൻ ഒാട്ടോ വിളിക്കണം. സ്റ്റേഷനുകളെ ബന്ധിപ്പിച്ചു ബസ് സർവീസുകളില്ല. കെഎസ്ആർടിസി കൊല്ലം – തെങ്കാശി സർവീസുകൾ നടത്തുന്നുണ്ട്. പാസഞ്ചർ ട്രെയിനുകൾ‍ ചെങ്കോട്ട വരെ സർവീസ് നടത്താതെ തെങ്കാശി വരെ ഒാടിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു. ശുപാർശ ചെയ്തിരിക്കുന്ന കൊല്ലം – കോയമ്പത്തൂർ ട്രെയിൻ മേട്ടുപ്പാളയം വരെ നീട്ടണമെന്നും യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്കു 1.15നാണു പാതയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി രാജൻ ഗൊഹെയ്ൻ നിർവഹിക്കുക. കൊച്ചുവേളിയിൽ നിന്നു പ്രത്യേക ട്രെയിനിലായിരിക്കും മന്ത്രിയും സംഘവും പുനലൂരിലെത്തുക. വേളാങ്കണി, ചെന്നൈ ട്രെയിനുകളുടെ പ്രഖ്യാപനം അദ്ദേഹം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.