കോൺഗ്രസ് തമ്മിലടിച്ചു തീരുമെന്ന് വെള്ളാപ്പള്ളി, മാണി ഗ്രൂപ്പ് പിളരുമെന്ന് പി.സി.ജോർജ്

വെള്ളാപ്പള്ളി നടേശൻ, പി.സി.ജോർജ്

കൊല്ലം ∙ കേരള കോൺഗ്രസ് എമ്മിനു രാജ്യസഭാ സീറ്റ് നൽകിയതോടെ മാണി ജയിച്ചെന്നും യുഡിഎഫ് തോറ്റെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫിനു ഭരണത്തുടർച്ചയുണ്ടാകണമെന്നു കരുതി എടുത്ത തീരുമാനം പോലെയാണിത്. യുഡിഎഫിനു നാഥനില്ലാത്ത അവസ്ഥയാണു നിലവിൽ. അത് അതീവ ദുർബലമായി. മൃതസഞ്ജീവനി കൊടുത്താലും യുഡിഎഫ് രക്ഷപെടില്ല. കേരളത്തിൽ കോൺഗ്രസ് തമ്മിലടിച്ചു തീരുമെന്നും ഉമ്മൻചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ഡൽഹിയിലേക്കു അയച്ചതു തെറ്റായ തീരുമാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഇന്നല്ലെങ്കിൽ നാളെ മാണി യുഡിഎഫിൽ ചേരുമെന്ന് ഉറപ്പായിരുന്നു. എരണ്ടയെപ്പോലെയാണു മാണിയെന്നു താൻ നേരത്തേ പറഞ്ഞതാണ്. താറാവിന്റെ രൂപമാണ് എരണ്ടയ്ക്ക്. താറാവ് കരയിലും വെള്ളത്തിലും കാണും. എരണ്ടയാകട്ടെ എത്ര പറന്നാലും വെള്ളത്തിൽ തന്നെയാണു വന്നിറങ്ങുക. ഇതു തന്നെയാണു മാണിയും യുഡിഎഫിലേക്ക് എത്തുക വഴി ചെയ്തത്. ഇക്കാര്യം മനസ്സിലാക്കാൻ എൽഡിഎഫിനു സാധിക്കാതെ പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൂന്ന് കുഞ്ഞമ്മമാർ യുഡിഎഫിന്റെ അടിത്തറ ഇളക്കിയതായും നിയമസഭാ തിരഞ്ഞെടുപ്പോടെ തകർച്ച പൂർണമാകുമെന്ന് പി.സി. ജോർജ് എംഎൽഎ. കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പി, കുഞ്ഞുമാണിയും ചേർന്നു ആറ് എംഎൽഎമാർ മാത്രമുള്ള മാണി ഗ്രൂപ്പിലേക്ക് കെപിസിസിയെ ലയിപ്പിച്ചു. ഇതു ഗൂഢാലോചനയാണ്. ഇങ്ങനെ ഒരു കുറുമുന്നണി ഉണ്ടായതായി മൂന്നര വർഷമായി താൻ പറയുന്നതാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുർദിനമായിരുന്നു ഇന്നലെ. പ്രതിപക്ഷ നേതാവിനെ ചുറ്റും നിന്ന് അടിക്കുന്നതു പോലെയുള്ളയാണ്. അയാൾ പുളയുകയാണ്. ഇത് കുഞ്ഞൂഞ്ഞിന്റെ ബുദ്ധിയാണ്. കുര്യനെ പറ്റിച്ചു. രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകേണ്ടത്. അതിനു തടയിടാനുള്ള കളിയാണിത്. രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയതിനു പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്ന് പി.ജെ. കുര്യൻ തന്നെ പറഞ്ഞുട്ടുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു നാലു ദിവസം മുമ്പ് ഉണ്ടാക്കിയ പാക്കേജാണിതെന്നും അദ്ദേഹം പറഞ്ഞു.

കച്ചവടക്കാരാണ് മാണിയും ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും. ഉമ്മന്‍ചാണ്ടി ആന്ധ്രയ്ക്കു പോവുകയാണ്. ആ സാഹചര്യത്തിൽ ഡൽഹിയില്‍ ഒരാളു വേണം. അതിനാണ് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേർന്നു മാണിക്ക് സീറ്റ് ഏർപ്പാടാക്കി കൊടുത്തത്. യുഡിഎഫ് തകർന്നു. ‘മാണിസം’ തീരാൻ പോവുകയാണ്. മകനും മകന്റെ ഭാര്യയും പറയുന്നതെല്ലാം ശരിയാണെന്നു സമ്മതിക്കുന്നതാണ് മാണിയുടെ ഇപ്പോഴത്തെ ജോലി. മാണി ഗ്രൂപ്പ് വീണ്ടും പിളരും. മാണിക്കും പി.ജെ.ജോസഫിനും ഇനി ഒന്നിച്ചു പോകാനാകില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.