രാജ്യസഭാ സീറ്റ് ആരുടെയും ഔദാര്യമല്ല: സുധീരനെതിരെ ആഞ്ഞടിച്ച് മാണി

പാലാ∙ കേരള കോണ്‍ഗ്രസിനു രാജ്യസഭാസീറ്റ് നല്‍കിയതില്‍ വി.എം.സുധീരനുള്ള എതിര്‍പ്പ് വ്യക്തിപരം മാത്രമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ‍കെ.എം.മാണി. രാജ്യസഭാസീറ്റുമായി ബന്ധപ്പെട്ട പ്രശ്നം കോണ്‍ഗ്രസിനെ തളര്‍ത്തില്ല. സഖ്യകക്ഷികള്‍ ശക്തിപ്പെടുമ്പോള്‍ യുഡിഎഫ് ശക്തമാകും. അപ്പോള്‍ കോണ്‍ഗ്രസും കരുത്തുനേടും.

കേരള കോണ്‍ഗ്രസ് വന്നതുകൊണ്ട് യുഡിഎഫിലെ സാമുദായിക സന്തുലന‌ം തകരില്ല. ക്രിസ്ത്യന്‍–മുസ്‍ലിം മുന്നണിയാണെന്നു തോന്നുന്നെങ്കില്‍ സുധീരന്‍ എന്തിനാണു യുഡിഎഫില്‍ തുടരുന്നതെന്നും മാണി ചോദിച്ചു. സുധീരന്‍ പറയുന്നതെല്ലാം ആപ്തവാക്യമായി എടുക്കാനാവില്ലെന്നും അദ്ദേഹം മനോരമന്യൂസ് ‘നേരേ ചൊവ്വേ’യില്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് ഏറ്റെടുക്കാൻ ജോസ്.കെ.മാണിക്കു കാര്യമായ താൽപര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പാർട്ടി ഒന്നടങ്കം ആവശ്യപ്പെട്ടപ്പോൾ സമ്മതിക്കുകയായിരുന്നു. കേരള കോൺഗ്രസ് പുറത്തു നിന്നു വന്നുകയറിയ മൂന്നാം കക്ഷിയല്ല. തങ്ങൾക്ക് അവകാശവാദം ഉന്നയിക്കാവുന്ന സീറ്റാണ് ഇപ്പോൾ വിട്ടുതന്നിരിക്കുന്നത്. ഇത് ആരുടെയും ഔദാര്യമായി കണക്കാക്കേണ്ടെന്നും മാണി പറഞ്ഞു.

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മുൻപ് ധാരണയൊന്നുമുണ്ടായിരുന്നില്ല. ശരിയായ തീരുമാനമെടുക്കാൻ അധികസമയമൊന്നും വേണ്ട. അതുകൊണ്ടാണു ഉപതിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇത്തരത്തിൽ മടങ്ങിവരാനായത്. യുഡിഎഫ് രൂപീകരണത്തിനു തന്നെ നേതൃത്വം വഹിച്ച പാർട്ടിയാണു കേരള കോൺഗ്രസ്.

ചിലർ വല്യേട്ടൻ മനോഭാവം കാണിച്ചു, അതുകൊണ്ടാണ് ഇടയ്ക്കു ഞങ്ങൾ വിട്ടു പോന്നത്. എന്നാൽ അന്നു വിട്ടുപോകാനുള്ള കാരണം ഇപ്പോൾ ഇല്ലാതായി. കോണ്‍ഗ്രസിലെ എല്ലാ മുതിർന്ന നേതാക്കളും പാലായിലേക്കു വന്നു. സൗഹൃദാന്തരീക്ഷം ഉണ്ടായതിനെത്തുടർന്നാണു തിരികെയെത്തിയത്. അതിനിടെ ഇടതുമുന്നണിയിൽ ചേരാൻ കേരള കോൺഗ്രസിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായില്ല.

ഇനിയും യുഡിഎഫിൽ പാർട്ടിയോടു പരിഗണന കുറഞ്ഞാൽ പ്രതികരിക്കും. കേരള കോൺഗ്രസിനു പ്രതികരണശേഷി ഒരിക്കലും നഷ്ടപ്പെടില്ലെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കിയത് ഡല്‍ഹിയില്‍ നടന്ന  അട്ടിമറിയിലൂടെയെന്നു നേരത്തേ വി.എം.സുധീരന്‍ പറഞ്ഞിരുന്നു‍.