ഫുട്ബോൾ ഏറെ ഇഷ്ടം; ലോകകപ്പിന് വൈദ്യുതി മുടക്കം വരാതെ നോക്കുമെന്നും മന്ത്രി മണി

എം.എം.മണി

നെടുങ്കണ്ടം∙ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി വിതരണ തടസ്സം ഒഴിവാക്കാൻ ശ്രമിക്കുമെന്നു മന്ത്രി എം.എം.മണി. താനൊരു ഫുട്ബോൾ പ്രേമിയാണ്. സമയം കിട്ടുമ്പോഴൊക്കെ കളി കാണാറുണ്ട്. ക്രിക്കറ്റ് ഇഷ്ടപെട്ടിരുന്നു. വാതുവയ്പ്പ് വന്നതോടെ ക്രിക്കറ്റിനോടുള്ള താൽപര്യം കുറഞ്ഞു. ക്രിക്കറ്റിൽ സച്ചിനെയാണ് ഇഷ്ടമെന്നും മണി പറഞ്ഞു.

കഴിഞ്ഞ ദിവസം മണിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ, അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയർത്തിയ ചെഗവേരയുടെ പിന്മുറക്കാർ തന്നെയാണു മെസ്സിയും കൂട്ടരുമെന്ന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് ഫുട്ബോളാണു തനിക്ക് പ്രിയമെന്നു മന്ത്രി പറഞ്ഞത്. ഫുട്ബോളിൽ ഇഷ്ട രാജ്യവും, കളിക്കാരനും ഏതെന്ന ചോദ്യത്തിൽ നിന്നും മന്ത്രി പക്ഷേ ഒഴിഞ്ഞുമാറി.