ട്രാക്കിലേക്ക് മരം വീണു; താറുമാറായി ഗതാഗതം, യാത്രക്കാർക്ക് ദുരിതം

കടലുണ്ടിയിൽ റെയിൽപ്പാളത്തിൽ മരം വീണുകിടക്കുന്നു. ചിത്രം: മനോരമ

കോഴിക്കോട് ∙ ശക്തമായ കാറ്റിലും മഴയിലും റെയിൽവേ ട്രാക്കിലേക്കു മരം വീണ് ട്രെയിൻ ഗതാഗതം ത‍ടസ്സപ്പെട്ടു. കടലുണ്ടി, ഫറോക്ക് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കടലുണ്ടി ലെവൽക്രോസിനു സമീപം പാളത്തിലേക്കാണു മരംവീണത്. ഇതേത്തുടർന്നു ഷൊർണൂർ – മെംഗളൂരു പാതയിൽ രണ്ടര മണിക്കൂർ ട്രെയിൻ ഗതാഗതം മുടങ്ങി. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി ഉൾപ്പെടെ ഒട്ടേറെ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

കടലുണ്ടിയിൽ ട്രാക്കിൽ മരം വീണതിനാൽ തിരുവനന്തപുരം – മാംഗ്ലൂർ എക്സ്പ്രസ് ട്രെയിൻ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ രാവിലെ ആറുമണി മുതൽ നിർത്തിയിട്ട നിലയിൽ.

കോഴിക്കോട് ഭാഗത്തേക്കുള്ള റെയിൽവേ പാളത്തിൽ വൈദ്യുതിക്കമ്പിക്കു മുകളിലൂടെ രാവിലെ ആറരയ്ക്കാണു മരം വീണത്. ഒൻപതോടെ മരം മുറിച്ചു മാറ്റിയെങ്കിലും ഒരു പാളത്തിലൂടെയേ ട്രെയിനുകൾ കടത്തിവിടുന്നുള്ളൂ. ഒട്ടേറെ ട്രെയിനുകൾ കോഴിക്കോട് സ്റ്റേഷനിൽ പിടിച്ചിട്ടു. ഗതാഗതം പൂർണതോതിലാകാൻ സമയമെടുക്കും. തിരുവനന്തപുരം – മംഗലാപുരം എക്‌സ്‌പ്രസ് രാവിലെ ആറു മുതൽ വള്ളിക്കുന്ന് റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടു. ഒന്നാംട്രാക്കിലെ മരം നീക്കി, വൈദ്യുതിലൈനിന്റെ കേടുപാടുകൾ തീർത്താലേ യാത്ര തുടരാനാകൂ.

പാളത്തിലേക്കു മരം വീണ ട്രെയിനുകൾ വൈകിയതിനെത്തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന യാത്രക്കാർ. ചിത്രം:സജീഷ് ശങ്കർ

കണ്ണൂർ റെയിൽവേസ്റ്റേഷൻ കെട്ടിടത്തിലെ ജനൽച്ചില്ലുകൾ കാറ്റിൽ തകർന്നു. മംഗലാപുരം ഭാഗത്തേക്കുള്ള റെയിൽവേ സ്റ്റേഷനുകളിലോ ട്രാക്കിലോ വലിയ പ്രശ്നങ്ങളില്ല. ഷൊർണൂർ ഭാഗത്തുനിന്ന് എത്തേണ്ട ട്രെയിനുകളെല്ലാം അനിശ്ചിതമായി വൈകുന്നതു യാത്രക്കാരെ വലച്ചു. രാവിലെ 9.20ന് കണ്ണൂരിൽ എത്തേണ്ടിയിരുന്ന യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ് മൂന്നര മണിക്കൂറും തിരുവനന്തപുരം – നിസാമുദ്ദീൻ വീക്കിലി സൂപ്പർഫാസ്റ്റ് രണ്ടുമണിക്കൂറും കോയമ്പത്തൂർ – മംഗലാപുരം ഇന്റർസിറ്റി ഒരുമണിക്കൂറും തൃശൂർ – കണ്ണൂർ പാസഞ്ചർ ഒന്നരമണിക്കൂറും വൈകുമെന്നാണ് അറിയിപ്പ്.

മരത്തിന്റെ ചില്ലകൾ ഒടിഞ്ഞു വീണതിനെ തുടർന്നു അതിരമ്പുഴ പാറോലിക്കൽ ഭാഗത്ത് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു.

അതിനിടെ, കോട്ടയം അതിരമ്പുഴ പാറോലിക്കൽ ഭാഗത്തു റെയിൽവേ ഗേറ്റിനു മുന്നിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു. തൊട്ടടുത്ത നിമിഷം വേഗത്തിലെത്തിയ ഗുഡ്സ് ട്രെയിൻ ഇവയെ ഇടിച്ചു തെറിപ്പിച്ച ശേഷമാണു നിന്നത്. റെയിൽവേ ജീവനക്കാർ ചില്ലകൾ വെട്ടിമാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു. 11 മണിയോടെയായിരുന്നു സംഭവം.