യുപിഎയ്ക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടു; ഇങ്ങനെയാണോ ശക്തിപ്പെടുത്തൽ?: സുധീരൻ

വി.എം.സുധീരൻ

തിരുവനന്തപുരം ∙ കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു നല്‍കിയതില്‍ ദുരൂഹതയും അട്ടിമറിയുമുണ്ടെന്ന ഗുരുതര ആരോപണവുമായി കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കു നേരെയായിരുന്നു പ്രധാന വിമർശനം. ഘടകകക്ഷിക്കു സീറ്റ് പോയപ്പോള്‍ മന്ത്രിപദവി രാജിവച്ചത് ഓര്‍ക്കണം. മുഖ്യമന്ത്രിക്കെതിരെ കൊട്ടാരവിപ്ലവം നടത്തിയതും ഓര്‍മയിലുണ്ടാവണം. ഇപ്പോള്‍ മാത്രം പരസ്യപ്രതികരണങ്ങളെ വിമര്‍ശിക്കുന്നതു ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു.

മറ്റൊരു കോണ്‍ഗ്രസുകാരന്‍ സ്ഥാനത്തു വരുന്നതു തടയാനുള്ള നീക്കമാണു നടന്നതെന്നു പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ട്. ആര്‍എസ്പിയെ കൊണ്ടുവന്നതു പലതവണ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ്. അന്ന് എവിടെയെങ്കിലും പ്രതിഷേധം ഉയര്‍ന്നിരുന്നോയെന്നും സുധീരന്‍ ചോദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് അന്നു തീരുമാനം എടുത്തത്. ഇക്കുറി പക്ഷേ ഉത്തമ താല്‍പര്യങ്ങള്‍ക്കു ക്ഷതമേറ്റിരിക്കുകയാണ്. യുപിഎയ്ക്കു പാര്‍ലമെന്‍റില്‍ ഒരു സീറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയാണോ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക – അദ്ദേഹം ചോദിച്ചു.

യുപിഎ വോട്ട് നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നു കേരള കോണ്‍ഗ്രസിനോട് അഭ്യര്‍ഥിക്കുന്നതായും സുധീരന്‍ പറഞ്ഞു. വിട്ടുപോകുമ്പോള്‍ കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന് കെ.എം.മാണി വ്യക്തമാക്കണം. മാണിയുടെ പത്രസമ്മേളനത്തിന്‍റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു. ഇതില്‍ ഖേദപ്രകടനം നടത്താനുള്ള സന്‍മനസ്സ് അദ്ദേഹം കാണിക്കണം. പ്രകടിപ്പിക്കുന്നത് അണികളുടെ വികാരമാണ്. വ്യക്തിപരമല്ല ഈ വിമര്‍ശനം. യാതൊരു താല്‍പര്യങ്ങളും തനിക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി വഞ്ചിക്കപ്പെട്ടു എന്നതു വലിയ സത്യമാണ് – സുധീരന്‍ പറഞ്ഞു.

അതേസമയം, സുധീരന്റെ വിമർശനങ്ങൾ സമനില തെറ്റിയതുപോലെയാണെന്നു കെ.സി.ജോസഫ് പറഞ്ഞു. വിമർശനങ്ങൾ പാർട്ടി വേദിയിലാകണമെന്ന പ്രസ്താവന സുധീരൻ മറക്കരുതെന്നും ജോസഫ് കൂട്ടിച്ചേർത്തു. അതിനിടെ, ഖേദം പ്രകടിപ്പിക്കേണ്ടതൊന്നും പറഞ്ഞിട്ടില്ലെന്ന നിലപാടുമായി കെ.എം.മാണിയും രംഗത്തെത്തി. വിഷയത്തിൽ പ്രതികരിച്ച് അകൽച്ചയുണ്ടാക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.