സൽമാനെ വധിച്ച് വിദേശത്തേക്കു കടക്കാൻ പദ്ധതി; വെളിപ്പെടുത്തൽ നെഹ്റയുടേത്

സൽമാൻ ഖാൻ, സമ്പത്ത് നെഹ്റ

ന്യൂഡൽഹി∙ ഹരിയാന സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) പിടികൂടിയ ഭീകരസംഘാംഗം സമ്പത്ത് നെഹ്റ ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതി തയാറാക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. സൽമാന്റെ നീക്കങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനായി മുംബൈയിലും നെഹ്റ എത്തിയിരുന്നു. സൽമാനെ കൊല്ലുമെന്ന് ഈവർഷമാദ്യം ലോറൻസ് ബിഷ്നോയി ഭീഷണി മുഴക്കിയിരുന്നു. ഇയാളുടെ അനുയായിയാണു പിടിയിലായ നെഹ്റ.

മാൻവേട്ടക്കേസുമായി ബന്ധപ്പെട്ടാണ് സൽമാനെ കൊല്ലുമെന്ന് ബിഷ്നോയി ഭീഷണിപ്പെടുത്തിയിരുന്നത്. സൽമാനെ കൊലപ്പെടുത്തിയതിനു ശേഷം വിദേശത്തേക്കു കടക്കാനായിരുന്നു പദ്ധതിയെന്ന് ഹരിയാന പൊലീസ് പറഞ്ഞു. ഈമാസം ആറിനാണ് നെഹ്റയെ ഹൈദരാബാദിൽനിന്ന് അറസ്റ്റു ചെയ്തത്. ജയിലിൽ വച്ചാണ് നെഹ്റ ലോറൻസ് ബിഷ്നോയിയെ പരിചയപ്പെടുന്നതും അടുക്കുന്നതും.

രാജസ്ഥാനിലെ ചുരു ജില്ലയിൽ കാലൗരി ഗ്രാമവാസിയായ നെഹ്റ ലോറൻസ് ബിഷ്നോയി സംഘത്തിലെ വെടിവയ്ക്കൽ വിദഗ്ധനാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ബിഷ്ണോയി സംഘം. ചണ്ഡീഗ‍ഡ് പൊലീസിൽനിന്നു വിരമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മകനാണ് സമ്പത്ത് നെഹ്റ. 2016ൽ കാർജാക്കിങ് കേസിൽ അറസ്റ്റിലായ നെഹ്റ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.