ലഫ്. ഗവർണർ ഡൽഹി വിടുക; സമ്പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ട് കേജ്‍‌രിവാൾ

ന്യൂഡൽഹി∙ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നേടിയെടുക്കാൻ കച്ചമുറുക്കി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ലഫ്റ്റനന്റ് ഗവർണർ ഡൽഹി വിടുകയെന്ന മുദ്രാവാക്യവുമായി നഗരത്തിലെ 300 കേന്ദ്രങ്ങളിൽ ആംആദ്മി പാർട്ടിയുടെ (ആപ്) നേതൃത്വത്തിൽ യോഗം ചേരാനാണു തീരുമാനം. ബ്രിട്ടിഷ് ഭരണകാലത്ത് ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമരം നടത്തിയതിനു സമാനമാണു ലഫ്.ഗവർണർ ഡൽഹി വിടാൻ പ്രചാരണം നടത്തുന്നതെന്നു കേജ്‍രിവാൾ ട്വീറ്റ് ചെയ്തു. 1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്രം ലഭിച്ചപ്പോൾ ബ്രീട്ടിഷ് വൈസ്രോയി സ്ഥാനം ഇല്ലാതായി, എന്നാൽ ഡൽഹിയിൽ ഇപ്പോഴും വൈസ്രോയിയുടെ സ്ഥാനത്ത് ലഫ്.ഗവർണർ ഇരിക്കുന്നു– കേജ്‍രിവാൾ ട്വീറ്ററിൽ കുറിച്ചു.

പ്രചരണത്തിന്റെ ആദ്യഘട്ടമായി ജൂൺ 17 മുതൽ 24 വരെ 300 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ പാർട്ടി നേതാക്കളും എംഎൽഎമാരും പ്രവർത്തകരും പങ്കെടുക്കും. പ്രചാരണത്തിന്റെ രണ്ടാം ഘട്ടം ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടത്താനാണു തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിനു ഒരു വർഷം മാത്രം ശേഷിക്കെ ഡൽഹിയുടെ സമ്പൂർണ സംസ്ഥാന പദവിയെന്ന ആവശ്യം ശക്തമാക്കാനാണു ആപിന്റെ ലക്ഷ്യം.

'സിസിടിവി സ്ഥാപിക്കാനും റേഷൻ വീട്ടുപടിക്കലെത്തിക്കാനുമുൾപ്പടെ എല്ലാ പദ്ധതിക്കും ലഫ്.ഗവർണർ തടസം നിൽക്കുന്നു. പുതിയ കോളജുകൾ‌ തുറക്കാനും സമ്മതിക്കുന്നില്ല. കേവലം വികസനത്തിന്റെ മാത്രം പ്രശ്നമല്ലിത്. നമ്മുടെ പൂർവികർ സ്വാതന്ത്രത്തിനു വേണ്ടി പോരാടിയവരാണ്. 1.3 ലക്ഷം കോടി കേന്ദ്രത്തിനു നികുതി നൽകിയിട്ടും ഒന്നും തിരിച്ചുകിട്ടുന്നില്ല', കേജ്‌രിവാൾ ‍പറഞ്ഞു. തന്റെ ഭരണകാലത്ത് ലഫ്. ഗവർണറുമായി യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നു പറഞ്ഞ ഡൽഹി മുൻമുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ ട്വീറ്ററിലൂടെ കടന്നാക്രമിച്ച കേജ്‌രിവാൾ മോദി സർക്കാരിനു കീഴിൽ ഒരു വർഷം സംസ്ഥാനം ഭരിക്കാന്‍ വെല്ലുവിളിച്ചു. സമ്പൂർണ സംസ്ഥാനമായി മാറുന്നതോടെ ഡൽഹിയിലെ ജനങ്ങൾക്കു മെച്ചപ്പെട്ട ജോലിയും നല്ല വീടും ലഭിക്കുമെന്നും കേജ്‍രിവാൾ വ്യക്തമാക്കി.