ഫിലമെന്റ് ബള്‍ബുകൾക്കു വിട, വീടിനു മുകളിൽ സോളർ; പദ്ധതിയുമായി കെഎസ്ഇബി

തിരുവനന്തപുരം ∙ ഫിലമെന്റ് ബള്‍ബുകളെ കേരളത്തില്‍നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ്. ഫിലമെന്റ് ബള്‍ബുകളെ പൂർണമായും ഒഴിവാക്കി പകരം എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും. ഒറ്റത്തവണയായും തവണകളായും കെഎസ്ഇബിയില്‍ പണമടച്ച് എല്‍ഇഡി ബള്‍ബുകള്‍ വാങ്ങാം. തവണകളായാണു പണമടയ്ക്കുന്നതെങ്കില്‍ വൈദ്യുതി ബില്ലിനൊപ്പം പണം ഈടാക്കും. വീടുകള്‍ക്കു മാത്രമാണ് ഈ പദ്ധതി. ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയടക്കം കേരളത്തിലെ വൈദ്യുതി മേഖലയെ ആധുനികവല്‍ക്കരിക്കുന്ന ഊര്‍ജകേരള മിഷന്റെ ഉദ്ഘാടനം 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വൈദ്യുതി വിതരണ മേഖലയെ നവീകരിക്കുന്ന ‘ദ്യുതി’ പദ്ധതി, വീടിന്റെ മേല്‍ക്കൂരയില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്ന 1000 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി, പ്രസരണ രംഗത്തെ ടാര്‍സ്ഗ്രിഡ് 2 പദ്ധതി, ഫിലമെന്റ് രഹിത കേരളം പദ്ധതി, വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഇ–സേഫ് പദ്ധതി എന്നിവ ഉള്‍പ്പടുന്നതാണ് ഊര്‍ജ കേരള മിഷന്‍.

വീടിന്റെ മേല്‍ക്കൂരയില്‍ സോളര്‍ വൈദ്യുതി

രാജ്യത്തു തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡ് ഇത്തരമൊരു പദ്ധതി തയാറാക്കുന്നത്. സൗരോര്‍ജത്തില്‍നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണു വീടുകളുടെ മേല്‍ക്കൂരയില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. വീടുകളില്‍ സ്ഥാപിക്കുന്ന സോളര്‍ പാനലിലൂടെ 500 മെഗാവാട്ടും, ഭൂമിയില്‍ സ്ഥാപിക്കുന്ന സോളര്‍ പാനലുകളിലൂടെ 200 മെഗാവാട്ടും, സോളര്‍ പാര്‍ക്കിലൂടെ 200 മെഗാവാട്ടും, വെള്ളത്തില്‍ ഒഴുകി നടക്കുന്ന സോളര്‍ പാനലുകള്‍ സ്ഥാപിച്ച് 100 മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണു വിഭാവനം ചെയ്യുന്നത്. ഇപ്പോഴത്തെ സോളര്‍ പദ്ധതികളുടെ സ്ഥാപിതശേഷി 107 മെഗാവാട്ട് മാത്രമാണ്.

മൂന്നു തരത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്. ഒന്ന്, ഉപഭോക്താവിന്റെ വീട്ടിന്റെ മേല്‍ക്കൂരയില്‍ കെഎസ്ഇബി സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കും. ഇതിന്റെ പ്രതിഫലം വാടകയായോ വൈദ്യുതിയായോ ഉപഭോക്താവിനു ലഭിക്കും. രണ്ട്, ഉപഭോക്താവിന്റെ വീട്ടില്‍ കെഎസ്ഇബി സ്ഥാപിക്കുന്ന പ്ലാന്റില്‍നിന്നുള്ള വൈദ്യുതി നിശ്ചിത കാലയളവില്‍ നിശ്ചിത തുകയ്ക്ക് ഉപഭോക്താവിനു നല്‍കും. മൂന്ന്, ഉപഭോക്താവ് വീട്ടില്‍ സ്ഥാപിക്കുന്ന പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി പണം കൊടുത്തു വാങ്ങും. അനര്‍ട്ടിന്റെ സഹായത്തോടെയാണു മേല്‍ക്കൂരയില്‍ സൗരവൈദ്യുതി പദ്ധതി നടപ്പിലാക്കുന്നത്.

വൈദ്യുതി വിതരണത്തെ ശക്തിപ്പെടുത്തുന്ന ദ്യുതി പദ്ധതി 4,000 കോടി രൂപയുടേതാണ്. പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കി വൈദ്യുതി തടസ്സം കുറയ്ക്കുകയാണു ലക്ഷ്യമിടുന്നത്. പ്രസരണ രംഗത്തെ മെച്ചപ്പെടുത്താനുള്ള ട്രാന്‍സ്ഗ്രിഡ് പദ്ധതി 10,000 കോടിരൂപയുടേതാണ്. കിഫ്ബിയുടെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാനുള്ള വിപുലമായ ക്യാംപയിനാണ് ഇ–സേഫ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കുടുംബശ്രീ വഴിയാണു പദ്ധതി പ്രധാനമായും നടപ്പിലാക്കുന്നത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ സുരക്ഷാപാഠങ്ങള്‍ പകര്‍ന്നു നല്‍കും.