രാഷ്ട്രീയ അഭയം നൽകണം; ആവശ്യവുമായി നീരവ് മോദി യുകെയിൽ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി അഭയം തേടി യുകെയിൽ. രാഷ്ട്രീയ അഭയം നൽകണമെന്ന ആവശ്യമാണ് നീരവ് യുകെ കോടതിക്കു മുന്നിൽ വച്ചിരിക്കുന്നത്. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. അതേസമയം, സ്വകാര്യ കേസുകളിലെ വിവരങ്ങൾ കൈമാറ്റം ചെയ്യാനാകില്ലെന്ന് ബ്രിട്ടൻ ആഭ്യന്തര ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

വ്യാജരേഖകൾ നൽകി പിഎൻബിയുടെ 13,000 കോടി രൂപ വെട്ടിച്ചെന്നാണു നീരവ് മോദിക്കെതിരായ കേസ്. നീരവിനു പുറമെ അമ്മാവൻ മെഹുൽ ചോക്സിയും കേസിൽ പ്രതിയാണ്. ഇവരെ കണ്ടെത്തി തിരിച്ചു കൊണ്ടുവരാൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്ത്യ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം ഹോങ്കോങ്ങിലായിരുന്ന നീരവ് ന്യൂയോർക്കിലേക്കു കടന്നിരുന്നു. ഒരു ടിവി ചാനലിനു ലഭിച്ച സർക്കാർ രഹസ്യാന്വേഷണ റിപ്പോർട്ട് പ്രകാരം, ജനുവരി ഒന്നിനു നീരവ് ഇന്ത്യയിൽനിന്നു യുഎഇയിലേക്കാണു പോയത്. യുഎഇയിലെ നിയമങ്ങൾ കർശനമായതിനാൽ അവിടുന്നു ഫെബ്രുവരി രണ്ടിനു ഹോങ്കോങ്ങിലേക്കു മുങ്ങുകയായിരുന്നു.

കേസിൽ നീരവ് മോദി, അലഹാബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഉഷ അനന്തസുബ്രഹ്മണ്യൻ എന്നിവരുൾപ്പെടെ 22 പേർക്കും മൂന്നു കമ്പനികൾക്കുമെതിരെ കഴിഞ്ഞ മാസം സിബിഐ മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. നീരവിനു വിദേശ ബാങ്കുകളിൽനിന്നു ഹ്രസ്വകാല വായ്പ തരപ്പെടുത്താൻ പിഎൻബിയിൽനിന്ന് 2011– 17 ൽ വ്യാജ ജാമ്യപത്രം (എൽഒയു) നൽകിയെന്നതാണു കേസ്. വിദേശ ബാങ്കുകളിലെ വായ്പ തിരിച്ചവടവിൽ വീഴ്ചവരികയും അവർ പിഎൻബിയോടു പണം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണു തട്ടിപ്പു പുറത്തുവന്നത്.