കേരള കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടില്ലെന്ന് കോൺഗ്രസ്; ചെങ്ങന്നൂർ നഗരസഭയിൽ പ്രതിസന്ധി

ചെങ്ങന്നൂർ ∙ സജി ചെറിയാനു വേണ്ടി വോട്ടു ചോദിച്ചെന്ന ആരോപണം നേരിടുന്ന കേരള കോൺഗ്രസ് (എം) പ്രതിനിധിയെ ചെങ്ങന്നൂർ നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു പിന്തുണയ്ക്കാനാവില്ലെന്നു കോൺഗ്രസ്. കേരള കോൺഗ്രസിന്റെ വൽസമ്മ എബ്രഹാമിനു നാളെ നടക്കുന്ന ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ പിന്തുണ നൽകാനാവില്ലെന്നു കോണ്‍ഗ്രസ് കൗൺസിലർമാർ ഡിസിസി പ്രസിഡന്റ് എം. ലിജുവിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കി.

ചെങ്ങന്നൂർ ഉപതിര‍ഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ധാരണയ്ക്കു വിരുദ്ധമായി വൽസമ്മ എബ്രഹാം സജി ചെറിയാനു വേണ്ടി വോട്ട് പിടിച്ചു എന്നാണ് ആരോപണം. സജിക്കായി വോട്ടു തേടി വൽസമ്മ സംസാരിക്കുന്ന ശബ്ദ ക്ലിപ് പുറത്തുവന്നിരുന്നു. യുഡിഎഫ് ഭരിക്കുന്ന ചെങ്ങന്നൂർ നഗരസഭയിൽ കോൺഗ്രസിനു അധ്യക്ഷ സ്ഥാനവും കേരള കോൺഗ്രസിനു ഉപാധ്യക്ഷ സ്ഥാനവുമാണുള്ളത്. പാർട്ടിക്കുള്ളിലെ ധാരണപ്രകാരം കേരള കോൺഗ്രസിന്റെ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ കഴി‍ഞ്ഞദിവസം രാജിവച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കുഞ്ഞൂഞ്ഞമ്മയ്ക്കു പകരം വൽസമ്മയാണ് ഉപാധ്യക്ഷ ആകേണ്ടിയിരുന്നത്. ഇതിനിടെയാണു വൽസമ്മയുടേതെന്നു പറയപ്പെടുന്ന ക്ലിപ് പ്രചരിക്കപ്പെട്ടതും കോൺഗ്രസ് അംഗങ്ങൾ ഉടക്കിട്ടതും. കേരള കോൺഗ്രസിനു മൂന്ന് അംഗങ്ങളാണുള്ളത്. ഇതിൽ ഒരു അംഗം സ്ഥലത്തില്ല. അതിനാൽ‌ കുഞ്ഞൂഞ്ഞമ്മ തന്നെ സ്ഥാനാർഥി ആകേണ്ട സാഹചര്യവും ഉരുത്തിരിയുന്നുണ്ട്. ചെങ്ങന്നൂർ നഗരസഭയിൽ കോൺഗ്രസിന് ഒൻപതും കേരള കോൺഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്. സിപിഎമ്മിന് എട്ട്, എൻഡിഎയ്ക്ക് ആറ്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണു മറ്റു കക്ഷിനില.