കുമാരസ്വാമിക്ക് ആശ്വാസം; ബിജെപിയിൽനിന്ന് ജയനഗർ പിടിച്ചെടുത്ത് കോൺഗ്രസ്

സൗമ്യ റെഡ്ഡി

ബെംഗളൂരു ∙ അടുത്തിടെ ഏറെ രാഷ്ട്രീയ നാടകങ്ങൾക്കു സാക്ഷ്യം വഹിച്ച കർണാടകയിൽ, തുടർച്ചയായ രണ്ടാം ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയം. 2889 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സൗമ്യ റെഡ്ഡിയിലൂടെ ബിജെപിയിൽ നിന്നു കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് 54,457 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദിന് 51,568 വോട്ടുകളെ നേടാനായുള്ളു. സൗമ്യ റെഡ്ഡിയും ബിജെപി സ്ഥാനാർഥി ബി.എൻ. പ്രഹ്ലാദും തമ്മിലായിരുന്നു നേർക്കുനേർ പോരാട്ടം.

ബിജെപി സ്ഥാനാർഥിയും 2008 മുതൽ രണ്ടു തവണ ബിജെപി എംഎൽഎയുമായിരുന്ന ബി.എൻ വിജയകുമാർ മേയ് നാലിന് മരിച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പു മാറ്റിവച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനായ ബി.എൻ പ്രഹ്ലാദിനെ സ്ഥാനാർഥി ആക്കിയതു വഴി അനുതാപ വോട്ടുകൾ ലഭിക്കുമെന്ന് ബിജെപി കണക്കൂകൂട്ടിയിരുന്നു. കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യയുടെ വിജയത്തിലൂടെ ഈ കണക്കുകൂട്ടൽ കൂടിയാണ് ബിജെപിക്ക് പിഴച്ചത്. കോൺഗ്രസ്- ദൾ സഖ്യത്തെ ജനം അംഗീകരിക്കുന്നതിന്റെ കൂടി തെളിവായി ഈ വിജയത്തെ രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

കർണാടകയിൽ ഭരണത്തിലുള്ള കോൺഗ്രസ്- ജനതാദൾ സഖ്യം ഒന്നിച്ചു നേരിടുന്ന ആദ്യത്തെ തിരഞ്ഞെടുപ്പു കൂടിയായിരുന്നു ജയനഗറിലേത്. കോൺഗ്രസുമായി സഖ്യത്തിലായതോടെ ജനതാദൾ അവരുടെ സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.