സ്വതന്ത്രയെ കൂട്ടുപിടിച്ചു; ഫറോക്ക് നഗരസഭാ ഭരണം എൽഡിഎഫിന്

കോഴിക്കോട് ∙ സ്വതന്ത്രയെ അധ്യക്ഷയാക്കി ഫറോക്ക് നഗരസഭാ ഭരണം എൽഡിഎഫ് പിടിച്ചു. സ്വതന്ത്ര അംഗം കെ.കമറു ലൈലയാണു പുതിയ അധ്യക്ഷ. കോൺഗ്രസിലെ കെ.മൊയ്തീൻ കോയ എൽഡിഎഫ് പിന്തുണയോടെ ഉപാധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.

വോട്ടെടുപ്പിൽ എൽഡിഎഫ് കൗൺസിലർമാരുടേതുൾപ്പെടെ ലൈലയ്ക്ക് 21 വോട്ടുകൾ കിട്ടി. യുഡിഎഫ് സ്ഥാനാർഥി പി.റുബീനയ്ക്കു 16. രണ്ടു കോൺഗ്രസ് കൗൺസിലർമാർ എൽഡിഎഫിനു വോട്ട് ചെയ്തു. ബിജെപിയുടെ ഒരംഗം വോട്ട് ചെയ്തില്ല. മുസ്‍ലിം ലീഗ് അധ്യക്ഷയ്ക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്.