തിരുവനന്തപുരം∙ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജക്ട് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ കേരളജനതയെ ഞെട്ടിച്ചതായി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കേരളത്തോടുള്ള ഈ കടുത്ത അനീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. 2008-09 ലെ കേന്ദ്ര റെയില്‍വേ ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. അതിനായി 439 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൊടുക്കുകയും ചെയ്തു.
റെയില്‍വേയ്ക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ തന്നെ മതിയായ സംവിധാനമുണ്ട് എന്ന വിചിത്ര വാദമാണു കേന്ദ്രമന്ത്രി ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കേരള ജനതയോടുള്ള ഈ കൊടിയ വഞ്ചനക്കെതിരെ നമ്മുടെ എംപിമാരും സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രതിഷേധിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശ്വാസ വഞ്ചനക്കെതിരെ ജനങ്ങള്‍ ഒന്നിച്ചണിചേരണം. എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ തെറ്റായ തീരുമാനം തിരുത്തണം; കേരളത്തോട് നീതി കാണിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു