Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരള നിർമിതിയെ നശിപ്പിച്ചത് ശബരിമല വിഷയത്തിലെ സർക്കാർ പിടിവാശി: സുധീരൻ

V.M. Sudheeran

തൃശൂർ ∙ ശബരിമല വിഷയത്തിലെ പിടിവാശിമൂലം നവകേരള നിർമിതിയെ പിണറായി സർക്കാർതന്നെ നശിപ്പിച്ചുവെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ആരോപിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ഹിതപരിശോധന നടത്തണമെന്നു വി.എം.സുധീരൻ ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്രപ്രവേശന വിഷയത്തിൽ പൊന്നാനി താലൂക്കിൽ ഹിതപരിശോധന നടത്തിയിരുന്നു. 77% പേർ അന്നു ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും ബിജെപിയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും ശബരിമലപ്രശ്നത്തിൽ ഒരുപോലെ പ്രതികളാണ്. ബിജെപി നടത്തുന്ന സമരപ്രഹസനം അവരുടെ കള്ളക്കളിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. പട്ടികജാതി–വർഗ പീഡന നിരോധന നിയമത്തിൽ വെള്ളം ചേർത്തു സുപ്രീം കോടതിവിധി വന്നപ്പോൾ പ്രക്ഷോഭത്തെ ഭയന്നു കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവന്നു. ആ ആത്മാർഥത ഈ വിഷയത്തിൽ കേന്ദ്രം കാണിക്കാത്തതും രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. പുനഃപരിശോധനാ ഹർജി നൽകിയിരുന്നെങ്കിൽ ബിജെപിയുടെ മുതലെടുപ്പു നടക്കില്ലായിരുന്നെന്നും സുധീരൻ പറഞ്ഞു.

പ്രസിഡന്റ് എൻ.കെ.ബെന്നി അധ്യക്ഷ വഹിച്ചു. കൺവീനർ കെ.പി.ജോസ്, സന്തോഷ് തോമസ്, ജനറൽ സെക്രട്ടറി ഇ.എൻ.ഹർഷകുമാർ, ട്രഷറർ പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സെമിനാർ, യാത്രയയപ്പ് സമ്മേളനം, സംഘടനാ ചർച്ച എന്നിവ നടന്നു. ഇന്നു പത്തിനു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ടിനു പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വൈകിട്ട് അഞ്ചിനു സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.