ലോകകപ്പിന് അലമ്പുണ്ടാക്കാൻ സാധ്യത; 1250 തെമ്മാടികളുടെ പാസ്പോർട്ട് പിടിച്ചെടുത്ത് ബ്രിട്ടൻ

ലണ്ടൻ∙ കലിമൂത്താൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാർ. സ്വന്തം ക്ലബ്ബിനോ രാജ്യത്തിനോ തോൽവി പിണഞ്ഞാൽ പിന്നെ ഇവർ എതിർ ടീമിന്റെ പിന്തുണക്കാർക്കുനേരേ തിരിയും. ഫുട്ബോൾ ഭ്രാന്തന്മാരുടെ ഈ ആക്രമണസ്വഭാവം നന്നായി അറിയാവുന്ന സർക്കാർതന്നെ ആയിരത്തിലേറെ ബ്രിട്ടിഷ് തെമ്മാടികളുടെ റഷ്യൻ യാത്ര തടയുകയാണ്. മുൻപ് മൽസരങ്ങളോടനുബന്ധിച്ച് സ്റ്റേഡിയത്തിലും പബ്ബുകളിലും അലമ്പുണ്ടാക്കി ഹിറ്റ്ലിസ്റ്റിലുള്ള 1,250 പേരുടെ പാസ്പോർട്ട് പിടിച്ചെടുത്താണ് ഹോം ഓഫിസ് ഇവരുടെ റഷ്യൻ യാത്ര തടഞ്ഞിരിക്കുന്നത്. ഇവരിൽ 60 പേർ ഇനിയും ഹോം ഓഫിസ് നിർദേശപ്രകാരം പാസ്പോർട്ട് തിരികെ നൽകിയിട്ടില്ല. ഇവരെ കണ്ടെത്തി പാസ്പോർട്ട് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സ്കോട്ട്ലൻഡ് യാർഡ് പോലീസ്.

ലോകകപ്പ് ഫുട്ബോളിന്റെ ഉൽസവമാണ്. അവിടെ അക്രമത്തിനോ മറ്റെന്തെങ്കിലും ഗുണ്ടായിസത്തിനോ സ്ഥാനമില്ല. ഇതിനാലാണു മുൻകാലങ്ങളിൽ ഫുട്ബോൾ മൽസരങ്ങൾക്കിടെ അലമ്പുണ്ടാക്കി രാജ്യത്തിനുതന്നെ നാണക്കേട് വരുത്തിവച്ചിട്ടുള്ളവർ റഷ്യയിലെത്താതിരിക്കാൻ നടപടി സ്വീകരിക്കുന്നതെന്ന് ഹോം ഓഫിസ് മന്ത്രി നിക്ക് ഹർഡ് വിശദീകരിച്ചു.

മൽസരങ്ങൾക്കിടെ ഒരു അക്രമസംഭവവും ഉണ്ടാകാതിരിക്കാൻ ആതിഥേയരായ റഷ്യയും കർശന നടപടികളാണ് സ്വീകരിക്കുന്നത്. മാഫിയാ സംഘത്തലവന്മാർ ഉൾപ്പെടെ ഹിറ്റ്ലിസ്റ്റിലുള്ള 352 പേർക്ക് റഷ്യയും സ്റ്റേഡിയങ്ങളിൽ വിലക്കേർപ്പെടുത്തി.