ഇന്‍ജുറി ടൈമിൽ മൊറോക്കോയുടെ സെൽഫ് ഗോൾ; ഇറാന് ‘ലോട്ടറി’

ഇറാൻ–മൊറോക്കോ മൽസരത്തിൽനിന്ന്.

സെന്റ് പീറ്റേഴ്സ്ബർഗ്∙ കളി നിയന്ത്രിച്ചതും കളിച്ചതും മൊറോക്കോ. കൂടുതൽ സമയവും കാഴ്ചക്കാരുടെ റോളിൽ ഇറാൻ. മൽസരത്തിൽ പന്തു കൈവശം വയ്ക്കാനായതുപോലും 32 ശതമാനം മാത്രം. എന്നിട്ടും, ഇന്‍ജുറി ടൈമിൽ മൊറോക്കോ വഴങ്ങിയ സെൽഫ് ഗോളിന്റെ കനിവിൽ ഇറാന് ഒരു ഗോൾ വിജയം. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മൊറോക്കോ താരം അസീസ് ബുഹാദോസാണ് സെൽഫ് ഗോൾ വഴങ്ങി ടീമിനെ തോൽവിയിലേക്കു തള്ളിവിട്ടത്.

ഇൻജുറി ടൈമിൽ ബോക്സിനു തൊട്ടുവെളിയിൽ ഇറാന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിന്റെ പിറവി. ഇറാൻ താരം എഹ്സാൻ ഹാജി സഫി മൊറോക്കോ ബോക്സിലേക്ക് ഉയർത്തി വിട്ട പന്ത് തലകൊണ്ടു ചെത്തി പുറത്താക്കാനുള്ള ബുഹാദോസിന്റെ ശ്രമം ഗോളിൽ കലാശിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മൽസരത്തിലാണ് അവസാന മിനിറ്റ് ഗോളിൽ മൽസരഫലം നിർണയിക്കപ്പെടുന്നത്. ഇന്നത്തെ ആദ്യ മൽസരത്തിൽ യുറഗ്വായ് ഈജിപ്തിനെ തോൽപ്പിച്ചതും അവസാന മിനിറ്റ് ഗോളിലായിരുന്നു.