ജിമെനെസിന്റെ ബുള്ളറ്റ് ഹെ‍ഡറിൽ ഈജിപ്തിനെ വീഴ്ത്തി യുറഗ്വായ്

ഗോൾനേട്ടം ആഘോഷിക്കുന്ന യുറഗ്വായ് താരങ്ങൾ. നിരാശരായി നിൽക്കുന്ന ഈജിപ്ത് താരങ്ങളെയും കാണാം. (ട്വിറ്റർ ചിത്രം)

എകാതെറിൻബർഗ്∙ ഒരേയൊരു നിമിഷത്തെ അശ്രദ്ധ. ഒറ്റനിമിഷത്തെ പിഴവ്. പോരാട്ടവീര്യത്തിന്റെ നിറരൂപമായി നിറഞ്ഞുനിന്ന ഈജിപ്തിനെ അവരുടെ ഒറ്റനിമിഷത്തെ പിഴവിൽനിന്ന് നേടിയ ഗോളിൽ പിന്തള്ളി യുറഗ്വായ്ക്ക് വിലപ്പെട്ട മൂന്നു പോയിന്റ്. മൽസരം അവസാനിക്കാൻ രണ്ടു മിനിറ്റു മാത്രം ശേഷിക്കെ ഫ്രീക്കിൽനിന്നെത്തിയ പന്തിന് തലവച്ച ഹോസെ ജിമെനെസിന്റെ ബുള്ളറ്റ് ഹെഡറാണ് യുറഗ്വായ്ക്ക് വിജയം സമ്മാനിച്ചത്.

ലൂയി സ്വാരസും എഡിസൻ കവാനിയും ഉൾപ്പെട്ട സൂപ്പർതാര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയിട്ട ഈജിപ്തിന് സമ്പൂർണ നിരാശ സമ്മാനിക്കുന്നതാണ് മൽസരഫലം. സൂപ്പർതാരം മുഹമ്മദ് സലായെ കൂടാതെ ഇറങ്ങിയിട്ടും മികച്ച പ്രകടനം പുറത്തെടുത്ത ഈജിപ്തിന് 88–ാം മിനിറ്റിൽ വഴങ്ങിയ ഫ്രീകിക്കാണ് തിരിച്ചടിയായത്.

കാർലോസ് സാഞ്ചസ് ഉയർത്തിവിട്ട പന്തിൽ ഹോസെ ജിമെനെസ് തൊടുത്ത ബുള്ളറ്റ് ഹെഡർ ഈജിപ്ത് ഗോൾകീപ്പറിന്റെ പ്രതിരോധം തകർത്ത് വലയനക്കി. സ്കോർ 1–0. നിർണായകമായ ഈ ഗോളിൽ യുറഗ്വായ്ക്ക് വിജയവും വിലപ്പെട്ട മൂന്നു പോയിന്റും. സൂപ്പർ താരം മുഹമ്മദ് സലായുടെ അസാന്നിധ്യത്തിലും അവസാന നിമിഷം വരെ പൊരുതിനിന്ന ഈജിപ്തിന് നിരാശപ്പെടുത്തുന്ന തോൽവി. ഒട്ടേറെ അവസരങ്ങൾ പാഴാക്കിയ ലൂയി സ്വാരസും എഡിസൻ കവാനിയുടെ മിന്നൽ ഷോട്ട് അതിലും വേഗത്തിൽ രക്ഷപ്പെടുത്തിയ ഈജിപ്ത് ഗോൾകീപ്പറുമാണ് മൽസരം ബാക്കിവയ്ക്കുന്ന മറ്റ് ഓർമചിത്രങ്ങൾ.