ട്രംപ് കിമ്മിനു നമ്പർ കൊടുത്തു; ഇനി നേരിട്ടു വിളിക്കാം

വാഷിങ്ടൻ ∙ സിംഗപ്പൂരിലെ ഉച്ചകോടിക്കു ശേഷം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് തന്റെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ടെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ നേരിട്ടു വിളിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. ‘ഞാൻ കിമ്മിന് എന്റെ ഡയറക്ട് ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കിമ്മിന് എന്നെ വിളിക്കാം. എനിക്കും അദ്ദേഹത്തെ വിളിക്കാം, ഒരു പ്രശ്നമുണ്ടല്ലോ എന്നു പറയുകയും ചെയ്യാം.’ - ട്രംപ് പറഞ്ഞു.

ഉത്തര കൊറിയയിലേക്കു വിളിക്കുമെന്നു പറഞ്ഞ ട്രംപിനോട്, ആരെയാണു വിളിക്കുക എന്ന ചോദ്യത്തിന് ‘അവിടുത്തെ ജനങ്ങളോടും അവിടെയുള്ള എന്റെയാളുകളോടും’ എന്നായിരുന്നു ഉത്തരം. കൂടുതൽ വിശദീകരിക്കാൻ ട്രംപ് തയാറായില്ല. 

ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന സിംഗപ്പൂർ ഉച്ചകോടിക്കു ശേഷം യുഎസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു എന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷകര്‍ കരുതുന്നു. എങ്കിലും അപ്രവചനീയമായ സ്വഭാവം കാട്ടുന്ന ട്രംപ് സത്യത്തിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കാത്തിരിക്കുകയാണ് ലോകം.