വിഎആർ തുണച്ചു; ഓസ്ട്രേലിയയെ വീഴ്ത്തി ഫ്രാൻസ് (2–1)

ഗോൾനേട്ടം ആഘോഷിക്കുന്ന ഫ്രഞ്ച് താരങ്ങൾ.

കസാൻ∙ കസാനിൽ അവസാനചിരി വിരിഞ്ഞത് ഫ്രാൻസിന്റെ ചുണ്ടുകളിലായിരിക്കാം. കയ്യടി പക്ഷേ ഓസ്ട്രേലിയയ്ക്കും കൊടുക്കണം. തികച്ചും ഏകപക്ഷീയമാകുമെന്ന് വിലയിരുത്തപ്പെട്ട മൽസരത്തിന് അസാമാന്യ പോരാട്ടവീര്യത്തിലൂടെ ജീവൻ പകർന്നതിന്. വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സംവിധാനം ആദ്യ ലോകകപ്പ് ഗോളിലേക്ക് നയിച്ച മൽസരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഫ്രാൻസിന് 2–1ന്റെ വിജയം. അന്റോയ്ൻ ഗ്രീസ്മൻ (58, പെനൽറ്റി), പോൾ പോഗ്ബ (80) എന്നിവർ ഫ്രഞ്ച് പടയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ, ഓസീസിന്റെ ആശ്വാസഗോൾ ജെഡിനാക് (62, പെനൽറ്റി) നേടി.

ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് മൽസരത്തിലെ മൂന്നു ഗോളുകളും പിറന്നത്. വിഎആർ സംവിധാനത്തിന്റെ സഹായത്തിൽ ലഭിച്ച പെനൽറ്റി ഗോളിലേക്ക് തിരിച്ചുവിട്ട് അന്റോയ്ൻ ഗ്രീസ്മനാണ് മൽസരത്തിലെ ആദ്യവെടി പൊട്ടിച്ചത്. ലോകകപ്പ് വേദികളിലെ ആദ്യ ‘വിഎആർ ഗോൾ’ എന്ന നേട്ടവും ഗ്രീസ്മന് സ്വന്തം. എന്നാൽ, നാലു മിനിറ്റിനുള്ളിൽ ഓസീസിന് അനുകൂലമായും ലഭിച്ചു പെനൽറ്റി. ബോക്സിനുള്ളിൽ ഫ്രഞ്ച് താരം ഉംറ്റിറ്റി പന്തു കൈകൊണ്ട് തൊട്ടതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത ജെഡിനാകിന് പിഴച്ചില്ല. സ്കോർ 1–1. മൽസരം സമനിലയിലേക്കെന്ന് കരുതിയിരിക്കെ 80–ാം മിനിറ്റിൽ പോൾ പോഗ്ബ ഫ്രാൻസിന്റെ രക്ഷകനായി. പോഗ്ബയുടെ ഗോളിൽ ഫ്രാ‍ൻസിന് വിജയം, മൂന്നു പോയിന്റ്.