കരിഞ്ചോല ഉരുൾപൊട്ടൽ: ആ കുരുന്നുകളുടെ അമ്മയും യാത്രയായി, മരണം 12

താമരശേരി കട്ടിപ്പാറ വെട്ടിയൊഴിഞ്ഞ തോട്ടത്തിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നു. ചിത്രം: അബു ഹാഷിം

കോഴിക്കോട് ∙ താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 12 ആയി. കരിഞ്ചോല ഹസന്റെ മകൾ നുസ്രത്തിന്റെ മൃതദേഹമാണ് ഏറ്റവും ഒടുവില്‍ ലഭിച്ചത്. കാണാതായവരിൽ ഇനി രണ്ടു പേരുടെ വിവരങ്ങൾ കൂടി ലഭിക്കാനുണ്ട്. കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസ, കരിഞ്ചോല ഹസന്റെ ഭാര്യ ആസിയ എന്നിവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

നുസ്രത്തിന്റെ മകൾ റിൻഷയുടെയും സഹോദരി റിഫയുടെയും മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഹസനും മറ്റൊരു മകൾ ജന്നത്തും അപകടത്തിൽ മരിച്ചു. ഷംനയുടെ മകൾ നിയ ഫാത്തിമയുടെ മൃതദേഹവും ശനിയാഴ്ച ലഭിച്ചു.

വെള്ളിയാഴ്ച രാത്രി എട്ടിനു നിർത്തിയ തിരച്ചിൽ ഇന്നു രാവിലെ ഏഴിനു പുനരാരംഭിച്ചു. മൂന്നു മണ്ണുമാന്തികൾകൂടി എത്തിച്ചായിരുന്നു തിരച്ചിൽ. ഇന്നലെ അഞ്ചെണ്ണമുണ്ടായിരുന്നു. കേന്ദ്ര ദുരന്തനിവാരണ സേനയുടെ 40 പേരടങ്ങുന്ന ഒരു സംഘംകൂടി തിരച്ചിലിനെത്തും. 42 പേരടങ്ങുന്ന ആദ്യ സംഘം കരിഞ്ചോലയിലുണ്ട്.

കരിഞ്ചോലമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നടക്കുന്ന തിരച്ചിൽ. ചിത്രം: സജീഷ് ശങ്കര്‍

ഉരുൾപൊട്ടലിൽപ്പെട്ടു മരിച്ചവർ: വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാൻ (60), അബ്ദുറഹിമാന്റെ മകൻ ജാഫർ (35), ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൾ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), ഹസന്റെ മകൾ ജന്നത്ത് (17), ഹസന്റെ മകൾ നുസ്രത്ത്, പേരക്കുട്ടികളായ റിഫ മറിയം (ഒന്നര വയസ്സ്), റിൻഷ, ഷംനയുടെ മകൾ നിയ ഫാത്തിമ.