രാജസ്ഥാനിലെ പൊടി ‘പെയ്തിറങ്ങിയത്’ നേപ്പാളിൽ; ഇത് അത്യപൂർവം

രാജസ്ഥാനിലെ ബിക്കാനീറിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത പൊടിക്കാറ്റ്. ചിത്രം: പിടിഐ

കഠ്മണ്ഡു∙ രാജസ്ഥാനിൽ നിന്നുള്ള പൊടിക്കാറ്റ് പറന്നെത്തിയത് നേപ്പാളിലും. പൊടിയുമായി ചേർന്നുള്ള കനത്ത മഴയാണു കഴിഞ്ഞ ദിവസം നേപ്പാളിൽ പെയ്തത്. രാജസ്ഥാൻ മരുഭൂമികളിൽ നിന്നുള്ള പൊടിയാണു മഴയ്ക്കൊപ്പം പെയ്തിറങ്ങിയതെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു സംഭവം.

ഈ മഴ അധികനേരം നനയരുതെന്നും കുടിക്കാൻ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. വിവിധ രാസവസ്തുക്കൾ കലർന്നിട്ടുള്ളതിനാലാണിത്. പടിഞ്ഞാറോട്ടു വീശുന്ന കാറ്റിലേറിയാണു രാജസ്ഥാനിലെ പൊടി നേപ്പാളിലെത്തിയത്. ഇതു പിന്നീട് ചെളിനിറമുള്ള മഴയായി പെയ്യുകയായിരുന്നു.

നേപ്പാളിന്റെ തെക്കന്‍ ഭാഗങ്ങളിലും മധ്യമേഖലയിലെ  മലമ്പ്രദേശങ്ങളിലുമായിരുന്നു മഴ കൂടുതലും ലഭിച്ചത്. കഠ്മണ്ഡു താഴ്‌വരയിൽ വരെ അത്തരം മഴ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അറിയിപ്പ്.

ഈ മഴ രണ്ടു ദിവസം കൂടി മാത്രമേ നീളുകയുള്ളൂ. അന്തരീക്ഷത്തിലെ പൊടി ഒഴിവാക്കാന്‍ കൂടുതൽ മഴ ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ മഴവെള്ളം ശേഖരിക്കരുതെന്നും നിർദേശമുണ്ട്. കുടിക്കാൻ യോഗ്യമല്ലാത്ത വിധം രാസവസ്തുക്കൾ കലർന്നതാണു പ്രശ്നമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

രാജസ്ഥാനിൽ നിന്നുള്ള പൊടിക്കാറ്റ് നേരത്തേ ഡൽഹിയിൽ ഉൾപ്പെടെ ആഞ്ഞുവീശിയിരുന്നു.