‘ഗുണം’ ലഭിച്ചത് ഭീകരർക്ക്; കശ്മീരിലെ വെടിനിർത്തൽ പിൻവലിച്ചേക്കും, തീരുമാനം ഇന്ന്

ഇന്ത്യൻ സൈനികൻ കശ്മീർ അതിർത്തിയിൽ കാവലിൽ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ റമസാൻ മാസം അവസാനിച്ചതിനാൽ, കശ്മീരിൽ കഴിഞ്ഞ മേയ് 16നു പ്രഖ്യാപിച്ച വെടിനിർത്തൽ തുടരണമോയെന്നതിനെക്കുറിച്ചു കേന്ദ്ര സർക്കാർ ഇന്നു തീരുമാനമെടുത്തേക്കും. പിൻവലിക്കുന്നതാവും ഉചിതമെന്നാണു ദേശീയസുരക്ഷാ ഏജൻസികളുടെയും ബിജെപിയുടെയും നിലപാടെന്നാണു സൂചന.

കശ്മീരിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ‍ തുടങ്ങിയവർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. തീരുമാനം ഇന്നു വ്യക്തമാക്കുമെന്നാണു യോഗത്തിനുശേഷം ആഭ്യന്തര മന്ത്രി പറഞ്ഞത്. വെടിനിർത്തലിന്റെ ഗുണഭോക്താക്കൾ ഭീകരസംഘടനകളാണെന്ന വിലയിരുത്തലാണു ബിജെപിയുടെ സംസ്ഥാന ഘടകത്തിനുള്ളത്.

കശ്മീർ സന്ദർശിച്ച ബിജെപി കേന്ദ്ര നേതാവും അതു വ്യക്​തമാക്കി. എന്നാൽ, അക്രമസംഭവങ്ങളിൽ കുറവുവന്നുവെന്നതും ജനത്തിന് ആശ്വാസമുണ്ടെന്നതും കണക്കിലെടുത്തു വെടിനിർത്തൽ പരീക്ഷണം തുടരുന്നതാണ് ഉചിതമെന്നു പിഡിപിയുടെ മുതിർന്ന നേതാവ് നിസാമുദ്ദീൻ ഭട്ട് പറഞ്ഞു. വെടിനിർത്തൽ‍ പ്രഖ്യാപിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും പൊലീസിന്റെയും സൈനികരുടെയും സമീപനത്തിൽ മാറ്റം വന്നിട്ടില്ലെന്നും ഹുറീയത് നേതാവ് മിർവായിസ് ഉമർ ഫാറൂഖ് കുറ്റപ്പെടുത്തി.

സൈനികർക്കുള്ള പ്രത്യേകാധികാര നിയമം പിൻവലിക്കുന്നതുൾപ്പെടെ ആത്മവിശ്വാസം വളർത്താനുള്ള നടപടികളാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ അമർനാഥ് തീർഥയാത്ര ഈ മാസം 28നു തുടങ്ങാനിരിക്കേ, വെടിനിർത്തൽ തുടരുന്നത് ഉചിതമാവില്ലെന്നാണ് അജിത് ഡോവലിന്റെയും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും നിലപാടെന്നാണു സൂചന.

കഴിഞ്ഞ വർഷം അമർനാഥ് തീർഥാടകർക്കെതിരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ടുപേർ‍ കൊല്ലപ്പെട്ടിരുന്നു. കശ്മീർ ചർച്ചകൾക്കായി കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക പ്രതിനിധി ദിനേശ്വർ ശർമ വിഘടന വാദികളുമായി കൂടിക്കാണാൻ‍ നാളെ കശ്മീർ ‍സന്ദർശിച്ചേക്കും. റമസാൻ കാലം സമാധാനപരമായിരിക്കട്ടെയെന്നു വ്യക്തമാക്കിയാണു കേന്ദ്രം വെടിനിർത്തൽ പ്രഖ്യാപിച്ചതെങ്കിലും ദീർഘകാല നേട്ടങ്ങളാണു ലക്ഷ്യമിടുന്നതെന്നു സർക്കാർ വൃത്തങ്ങൾ‍ പറഞ്ഞു.