കശ്മീരിൽ വെടിനിർത്തൽ പിൻവലിച്ചു; ഭീകരരെ നേരിടാൻ ഏതുവഴിയും തേടാമെന്ന് കേന്ദ്രം

ന്യൂഡൽഹി∙ റമസാൻ മാസം അവസാനിച്ചതിനൊപ്പം കശ്മീരിലെ വെടിനിർത്തൽ പിൻവലിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മേയ് 17 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന വെടിനിർത്തലാണു നീട്ടേണ്ടെന്നു കേന്ദ്രം തീരുമാനിച്ചത്. വെടിനിർത്തൽ തീരുമാനം പിൻവലിക്കുന്നതാവും ഉചിതമെന്ന് ദേശീയസുരക്ഷാ ഏജൻസികളും ബിജെപിയും നിലപാട് എടുത്തിരുന്നു.

കശ്മീരിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ‍ തുടങ്ങിയവർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ യോഗ തീരുമാനം രാജ്നാഥ് സിങ് വ്യക്തമാക്കിയത്.   

ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സമാധാനം നിറഞ്ഞ അന്തരീക്ഷത്തിൽ റമസാൻ ആചരിക്കുന്നതിനു വേണ്ടിയാണു വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിനു രാജ്യം മുഴുവനും മികച്ച പിന്തുണ ലഭിക്കുകയും ചെയ്തു. വെടിനിർത്തലുമായി എല്ലാവരും സഹകരിക്കുമെന്നാണു കരുതിയിരുന്നത്. സുരക്ഷാസേന ഇക്കാലയളവിൽ പ്രകോപനങ്ങൾക്കെതിരെ പക്വമായാണു പ്രതികരിച്ചത്.

എന്നാൽ ഭീകരർ സാധാരണക്കാരുടെയും സുരക്ഷാസേനയുടെയും നേരെ തങ്ങളുടെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പലരും കൊല്ലപ്പെട്ടു, ചിലർക്കു പരുക്കേറ്റു.   വെടിനിർത്തൽ പിൻവലിച്ച സാഹചര്യത്തിൽ ഭീകരരെ തടയാൻ സാധ്യമായ എല്ലാ മാർഗങ്ങളും പ്രയോഗിക്കാന്‍ സുരക്ഷാസേനയ്ക്ക് അധികാരം നൽകുകയാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

ഭീകരരെ പ്രതിരോധിക്കാൻ കേന്ദ്ര സര്‍ക്കാർ എന്നും പ്രതിജ്ഞാബദ്ധരാണെന്നും ഇക്കാര്യത്തിൽ സമാധാനകാംക്ഷികളായ ജനങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. 

വെടിനിർത്തലിന്റെ ഗുണഭോക്താക്കൾ ഭീകരസംഘടനകളാണെന്ന വിലയിരുത്തലാണു ബിജെപിയുടെ കശ്മീർ ഘടകത്തിനുള്ളത്. കശ്മീർ സന്ദർശിച്ച ബിജെപി കേന്ദ്ര നേതാവും അതു വ്യക്​തമാക്കിയിരുന്നു. ഈ വർഷത്തെ അമർനാഥ് തീർഥയാത്ര ഈ മാസം 28നു തുടങ്ങാനിരിക്കേ, വെടിനിർത്തൽ തുടരുന്നത് ഉചിതമാവില്ലെന്നായിരുന്നു അജിത് ഡോവലിന്റെയും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും നിലപാട്.