കോളറോവിന്റെ ‘റോണോ ഗോളിൽ’ കോസ്റ്ററിക്കയെ വീഴ്ത്തി സെർബിയ (1–0)

സെർബിയ – കോസ്റ്ററിക്ക മൽസരത്തിനിടെ ഉന്തും തള്ളും ഉണ്ടായപ്പോൾ.

സമാര∙ മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ അലക്സാണ്ടർ കോളറോവിന്റെ ‘റൊണാൾഡോ ടച്ചു’ള്ള ഗോളിന്റെ അകമ്പടിയിൽ സെർബിയയ്ക്ക് വിജയത്തുടക്കം. പൊരുതിക്കളിച്ച കോസ്റ്ററിക്കയെ 56–ാം മിനിറ്റിൽ കോളറോവ് നേടിയ ഫ്രീകിക്ക് ഗോളിലാണ് സെർബിയ വീഴ്ത്തിയത്. ഇതോടെ ഗ്രൂപ്പ് ഇയിൽ സെർബിയയ്ക്ക് നിർണായകമായ മൂന്നു പോയിന്റും ലഭിച്ചു.

ഒട്ടേറെ അവസരങ്ങൾ കണ്ട മൽസരത്തിൽ സെർബിയൻ താരങ്ങൾക്ക് കോസ്റ്ററിക്ക പോസ്റ്റിനു മുന്നിൽ ലക്ഷ്യം പിഴച്ചതാണ് ഗോൾനേട്ടം ഒന്നിലൊതുക്കിയത്. ഗോൾ വഴങ്ങിയതിനു ശേഷം മികച്ച പ്രകടനം പുറത്തെടുത്ത കോസ്റ്ററിക്കയ്ക്കും ലക്ഷ്യം കാണാനായില്ല. അവസാന നിമിഷങ്ങളിൽ കനത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും സെർബിയൻ പ്രതിരോധം ഭേദിക്കാൻ അവർക്കായില്ല. ഇതോടെ കഴിഞ്ഞ ലോകകപ്പിലെ വണ്ടർ ടീമിന് ഇക്കുറി പരാജയത്തുടക്കം.