ട്രംപിന്റെ ‘സെപ്പറേഷൻ പോളിസി’ക്കെതിരെ മെലനിയയും ലോറ ബുഷും

വാഷിങ്ടൺ∙ അനധികൃത കുടിയേറ്റത്തിനെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പിലാക്കിയ ‘സെപ്പറേഷൻ പോളിസി’ക്കെതിരെ യുഎസിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, വിയോജിപ്പു വ്യക്തമാക്കി പ്രഥമവനിത മെലനിയ ട്രംപും രംഗത്ത്. ട്രംപിന്റെ പുതിയ നയം നിലവിൽവന്നതോടെ യുഎസ് – മെക്സിക്കൻ അതിർത്തിയിൽനിന്നു പിടികൂടുന്ന അനധികൃത കുടിയേറ്റക്കാരെ കയ്യോടെ ജയിലിലടയ്ക്കുകയാണ്. ഇതോടെ, ഇവരുടെ കുട്ടികൾ ഒറ്റപ്പെടുന്നു. ഏപ്രിൽ–മേയ് മാസങ്ങളിലായി ചുരുങ്ങിയത് 2000 കുട്ടികൾ ഇത്തരത്തിൽ മാതാപിതാക്കളിൽനിന്നു വേർപെട്ടതായാണു കണക്ക്.

കുട്ടികളെ മാതാപിതാക്കളിൽനിന്ന് അകറ്റുന്നതു താൻ വെറുക്കുന്നുവെന്നാണു മെലനിയ പ്രതികരിച്ചത്. ക്രൂരവും അധാർമികവുമായ നീക്കം തന്റെ ഹൃദയം തകർത്തു എന്നു മുൻ പ്രഥമവനിത ലോറ ബുഷും പറഞ്ഞു. രാഷ്ട്രീയ പ്രതികരണങ്ങളിൽനിന്നു പൊതുവെ വിട്ടുനിൽക്കുന്നവരാണ് ഇരുവരും എന്നതും ശ്രദ്ധേയം.

ട്രംപിന്റെ നയത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാണ്. ട്രംപ് അനുകൂലികളായ റിപ്പബ്ലിക്കൻ സെനറ്റർമാരുൾപ്പെടെ വിയോജിച്ചിരുന്നു. ഇന്നലെ പിതൃദിനത്തോടനുബന്ധിച്ചും ഡെമോക്രാറ്റുകളുടെയും സാമൂഹികപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു.