മെസി ഗോളടിക്കാത്തതിൽ വിഷമിക്കുന്നവരേ, കണ്ണീരണിയും ഇൗ കാഴ്ചയും നിങ്ങൾ കാണുക!

മുഹമ്മദ് റാഫി(ഇടത്) കരിഞ്ചോല മലയിലുണ്ടായ ഉരുൾപൊട്ടൽ (വലത്)

കോഴിക്കോട്∙ ‘ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. ഒരു ദുഃസ്വപ്നം കണക്കെ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാർത്തകൾ... എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍... തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാർഥനകൾ... നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ കാഴ്ചകൾ... മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍... എല്ലാം കണ്ടു ഖൽബ് തകർന്ന്... തന്റെ സ്വപ്നങ്ങൾക്കു മീതെ വന്നു പതിച്ച മൺകൂനകൾ നോക്കി... ഒന്നുറക്കെ കരയാൻ പോലുമാവാതെ വിറങ്ങലിച്ചു നിൽക്കുകയാണീ സഹോദരന്‍...’

നമ്മൾ മെസ്സി ഗോളടിക്കാത്തതിന്റെ പേരിൽ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ... എന്ന ആമുഖത്തോടെ ഷറഫുദീൻ സഹ്‌റ എഴുതിയ ഫെയ്സ്ബുക് പോസ്റ്റ് ഏതൊരാളുടെയും മനസ്സു തൊടും. കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദീൻ വാക്കുൾ കുറിച്ചത്. ആ വാക്കുകള്‍ കണ്ണുനനഞ്ഞു വായിച്ചു തീരുന്നതിനപ്പുറം ഹൃദയം കൊണ്ടു നമ്മൾ ആ ചെറുപ്പക്കാരനു വേണ്ടി പ്രാർഥിക്കും. ആയിരക്കണക്കിനു പേരാണു സമൂഹമാധ്യമത്തിലെ ഷറഫുദീന്റെ കുറിപ്പിനൊപ്പം പ്രാർഥനകൾ പങ്കുവച്ചത്. കരിഞ്ചോല മലയിലുണ്ടായ ഉരുൾപൊട്ടൽ റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണെടുത്തത്.

റാഫിയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുകാരി മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളും ഉൾപ്പെടെ മരിച്ചു. സൗദിയിൽനിന്നു തിരികെയെത്തുമ്പോൾ കണ്മുന്നിൽ ഒരു മണ്ണിടിച്ചിലിനും മൂടി വയ്ക്കാനാകാത്ത ഓർമകൾ മാത്രം...

ഷറഫുദീന്റെ കുറിപ്പു വായിക്കാം:

നമ്മൾ മെസ്സി ഗോളടിക്കാത്തതിന്റെ പേരിൽ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ... ഖൽബ് തകർന്ന് ഒന്നു കരയാന്‍ പോലുമാവാതെ...

പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒൻപതു പേരെയാണ് ഒറ്റദിവസം കൊണ്ടു വിധി കൊണ്ടുപോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയിൽ... 

ചെറുപ്പം മുതല്‍ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളർന്നതും. അതാണിപ്പോള്‍ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിനു മേൽ വന്നു പതിച്ചത്. മണിക്കൂറുകൾക്കു മുൻപേ എല്ലാവരുമായി ഫോണ്‍ ചെയ്തു സംസാരിച്ചതാണ്. പെരുന്നാളിനേക്കുറിച്ചുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലം പറഞ്ഞു. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. 

ഒരു ദുഃസ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാർത്തകൾ... എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍... തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാർഥനകൾ... നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ കാഴ്ചകൾ... മണ്ണിനടിയിൽനിന്നു പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍... എല്ലാം കണ്ടു ഖൽബ് തകർന്ന്... തന്റെ സ്വപ്നങ്ങൾക്കു മീതെ വന്നു പതിച്ച മൺകൂനകൾ നോക്കി... ഒന്നുറക്കെ കരയാൻ പോലുമാവാതെ വിറങ്ങലിച്ചു നിൽക്കുകയാണീ സഹോദരന്‍. 

സഹനം നൽകണേ നാഥാ... എല്ലാം താങ്ങാനുള്ള കരുത്തു നൽകണേ റബ്ബേ...