ശ്രീജിത്ത് കസ്റ്റഡി മരണം: ആർടിഎഫ് ഉദ്യോഗസ്ഥർക്ക് ജാമ്യം

കൊച്ചി∙ വരാപ്പുഴയിലെ ശ്രീജിത്തി​ന്റെ കസ്​റ്റഡി മർദനവും മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികളായ ആർടിഎഫ് ഉദ്യോഗസ്​ഥർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധകളോടെയാണു ജാമ്യം. ആർടിഎഫ് ഉദ്യോഗസ്ഥരായ പി.പി. സന്തോഷ്​കുമാർ, ജിതിൻ ഷാജി, എം.എസ്. സുമേഷ് എന്നിവർക്കാണു ജാമ്യം അനുവദിച്ചത്. ആർടിഎഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ കിടന്ന കാലയളവും കേസിന്റെ അന്വേഷണ പുരോഗതി പരിഗണിച്ചുമാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്.
എസ്ഐയ്ക്കും സിഐയ്ക്കും ജാമ്യം നൽകി തങ്ങളെ ബലിയാടാക്കുകയാണു സർക്കാരെന്നും സർക്കാരിനെതിരായ ആരോപണങ്ങൾ ഇല്ലാതാക്കാനാണ് ഇൗ വാദങ്ങൾ ഉന്നയിക്കുന്നതെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ, എസ്ഐക്ക് ജാമ്യം അനുവദിക്കാനിടയായ സാഹചര്യം വ്യത്യസ്തമാണെന്നും പ്രധാന പ്രതികളായ ഹർജിക്കാർക്കു ജാമ്യം അനുവദിക്കുന്നതു കേസിനെ ബാധിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.