പിഡിപിയുമായി സഖ്യത്തിനില്ല, ഈ തകർച്ച പ്രതീക്ഷിച്ചിരുന്നെന്നും കോൺഗ്രസ്

ഗുലാം നബി ആസാദ്.

ശ്രീനഗർ∙ ജമ്മു–കശ്മീരിൽ പിഡിപിയുമായി സഖ്യത്തെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നില്ലെന്നു മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. സംസ്ഥാനത്തെ സഖ്യസർക്കാരിൽനിന്നു ബിജെപി പിൻമാറിയതിനെ തുടർന്നു പിഡിപിക്കു ഭൂരിപക്ഷം നഷ്ടമായതോടെയാണു പുതിയ സഖ്യസാധ്യതകൾക്കു വഴിതെളി‍ഞ്ഞത്.

റമസാൻ മാസത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വെടിനിർത്തൽ നോമ്പുകാലം അവസാനിച്ചതിനു തൊട്ടുപിന്നാലെ റദ്ദാക്കിയതാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. ഭൂരിപക്ഷം നഷ്ടമായതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അൽപസമയം മുൻപ് രാജിവച്ചിരുന്നു.

സംസ്ഥാനത്തു ബിജെപിയും പി‍ഡിപിയും തമ്മിലുണ്ടായിരുന്നത് അവിശുദ്ധ കൂട്ടുകെട്ടായിരുന്നെന്നുംഏതു നിമിഷവും ഈ സഖ്യത്തിന്റെ തകർച്ച പ്രതീക്ഷിച്ചിരുന്നതായും ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതികരിച്ചു. സംസ്ഥാനത്തെ അശാന്തമായ സാഹചര്യങ്ങൾക്കു പിഡിപിയെക്കാൾ കൂടുതൽ ഉത്തരവാദിത്തം ബിജെപിക്കാണെന്നും പിസിസി പ്രസിഡന്റ് ജി.എ. മിർ ആരോപിച്ചു.