ആണവായുധ ശേഖരത്തിൽ പാക്കിസ്ഥാൻ മുന്നിൽ; പക്ഷേ ഇന്ത്യ കുലുങ്ങില്ല !

അഗ്നി മിസൈൽ.

ന്യൂ‍ഡൽഹി∙ അയൽപക്കങ്ങളിൽ ആശങ്ക വർധിപ്പിച്ച് ആണവായുധങ്ങൾ സ്വരുക്കൂട്ടി പാക്കിസ്ഥാൻ. ഇന്ത്യയേക്കാൾ കൂടുതൽ ആണവായുധങ്ങൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നാണു റിപ്പോർട്ട്. എന്നാൽ ഇതൊന്നും ഇന്ത്യയുടെ വീര്യത്തെ ഇളക്കാൻ‌ പോന്നതല്ലെന്നാണു നിഗമനം. എണ്ണത്തിലല്ല, കരുത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്.

ഇന്ത്യയ്ക്ക് 130–140 ആണവായുധങ്ങൾ കൈവശമുള്ളപ്പോൾ പാക്കിസ്ഥാനുള്ളത് 140–150 എണ്ണം. അയൽരാജ്യമായ ചൈനയ്ക്കാവട്ടെ 280 ആണവപോർമുനകളുണ്ട്. സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐപിആർഐ– സിപ്രി) ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, യുഎസും റഷ്യയും വേറെ ലെവലാണ്. യുഎസിന് 6450, റഷ്യയ്ക്ക് 6850 വീതം ആണവായുധങ്ങളുണ്ട്. ആഗോള ആണവായുധ ശേഷിയുടെ 92 ശതമാനവും ഈ രണ്ടു രാജ്യങ്ങളിലാണ്.

ബാക്കിയുള്ള ഏഴ് ആണവരാഷ്ട്രങ്ങൾ താരതമ്യേന ചെറുതാണെങ്കിലും അണ്വായുധങ്ങൾ വികസിപ്പിക്കുന്നതിലും വിന്യസിക്കുന്നതിലും സജീവമാണ്. കര, നാവിക, വ്യോമ കേന്ദ്രങ്ങളിൽനിന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ള ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ വ്യാപൃതരാണ് ഇന്ത്യയും പാക്കിസ്ഥാനും. ആണവായുധങ്ങൾ ആധുനികമാക്കി വികസിപ്പിക്കുന്നതിൽ ചൈനയും മുന്നിലുണ്ടെന്നു സിപ്രി റിപ്പോർട്ട് പറയുന്നു.

പാക്കിസ്ഥാനും ചൈനയും ആണവായുധങ്ങൾ കുന്നുകൂട്ടുമ്പോഴും ഇന്ത്യ ഭയപ്പെടാത്തതിനു കാരണം രാജ്യത്തിന്റെ നിലപാടിലെ ദൃഢതയാണെന്നു പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്ക്കും ആണവായുധശേഷി വികസിപ്പിക്കാതെ നിൽക്കാനാകില്ല. പക്ഷേ, എണ്ണത്തിലല്ല ആയുധങ്ങളുടെ കരുത്തിലും പ്രഹരശേഷിയിലുമാണ് ഇന്ത്യ വിശ്വാസമർപ്പിച്ചിരിക്കുന്നത്. ‘ആദ്യം ഉപയോഗിക്കില്ല’ എന്ന ഇന്ത്യൻ നിലപാടും രാജ്യത്തിനു ഗുണകരമാണ്.

ആരെയും അങ്ങോട്ട് ആക്രമിക്കില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നുമാണ് ആണവയുദ്ധത്തിൽ ഇന്ത്യയുടെ നിലപാട്. പ്രത്യാക്രമണ ശേഷിയിൽ ഇന്ത്യ ബഹുദൂരം മുന്നിലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആണവായുധം വഹിക്കാവുന്ന പാക്കിസ്ഥാന്റെ ഷഹീൻ–3 മിസൈലിന്റെ ദൂരപരിധി 2750 കിലോമീറ്റർ മാത്രമാണ്. ഇന്ത്യയുടെ അത്യാധുനിക അഗ്നി–5 മിസൈലിന്റെ പ്രഹരപരിധി ഇതിന്റെ ഇരട്ടിയോളമാണ്– 5000 കിലോമീറ്റർ. ചൈനയും അഗ്നിയുടെ അധീനതയിലാകും. പക്ഷേ, ചൈനയുടെ ഡെങ്ഫെങ്–41 ഇവയെയെല്ലാം മറികടക്കും. 14,500 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്കു ഡെങ്ഫെങ്ങിനെ വിക്ഷേപിക്കാനാകും.