ഇസ്രയേലിനെതിരെ മിണ്ടരുത്!; മനുഷ്യാവകാശ കൗൺസിലിൽനിന്ന് യുഎസ് പിന്മാറി

വാഷിങ്ടൻ∙ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽനിന്ന് യുഎസ് പിന്മാറി. കൗൺസിൽ അംഗങ്ങൾ ഇസ്രയേലിനെതിരെ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും കപടനാട്യം ആടുന്നുവെന്നും ആരോപിച്ചാണു നടപടി. യുഎസിന്റെ യുഎന്നിലേക്കുള്ള അംബാസഡർ നിക്കി ഹാലെയാണു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുതിർന്ന നയതന്ത്രജ്‍ഞനായ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയുടെ സാന്നിധ്യത്തിൽ തീരുമാനം അറിയിച്ചത്.

ട്രംപിന്റെ സെപ്പറേഷൻ നയത്തിനെതിരെ (യുഎസ് – മെക്സിക്കൻ അതിർത്തി കടന്ന് രാജ്യത്തെത്തുന്ന കുട്ടികളെയും മാതാപിതാക്കളെയും വേർപിരിക്കുന്ന നയം) യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണു ഹാലെയുടെ പ്രഖ്യാപനം വന്നത്. എന്നാൽ കൗൺസിലിൽ മാറ്റം കൊണ്ടുവരാൻ ഒരു വർഷത്തോളം നടത്തിയ ശ്രമങ്ങളെത്തുടർന്നാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഹാലെയും പോംപെയും അറിയിച്ചു.

‘കൗൺസിൽ അംഗമാകുകയും സ്വന്തം രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും ചെയ്യുന്ന രാജ്യങ്ങളെ മാറ്റാനുള്ള നീക്കങ്ങൾ യുഎസ് നടത്തിയിരുന്നു. മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുന്ന ഏറ്റവും ഗൗരവതരമായ ഒരു സംഘടനയാക്കി മാറ്റാനായിരുന്നു ശ്രമം. ഞങ്ങളുടെ ശ്രമം പാഴായി’ – ഹാലെ വ്യക്തമാക്കി.

അതേസമയം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ പ്രശ്നങ്ങളിൽ ഇസ്രയേലിനെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിൽ തിരിഞ്ഞിരുന്നു. ഇതു അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. മനുഷ്യാവകാശ ലംഘനം നടത്തുന്ന വെനസ്വേല, ക്യൂബ പോലുള്ള രാജ്യങ്ങളുള്ളപ്പോൾ ഇസ്രയേലിനെതിരെയാണ് കൂടുതൽ തവണയും സംഘടന നടപടിയെടുത്തിട്ടുള്ളതെന്ന് ഹാലെ പറഞ്ഞു.

യുഎസിന്റെ തീരുമാനത്തിൽ ദുഃഖമുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.